കൊല്ലം: അമ്മയുടെ ചരമ വാർഷികത്തിന് കല്ലറയിൽ വയ്ക്കാനുള്ള നെയിം ബോർഡ് പറഞ്ഞ സമയത്തിനുള്ളിൽ ചെയ്തുതരാത്തതിൽ ക്ഷോഭിച്ച് സ്ഥാപനത്തിന് മുന്നിൽ നടുറോഡിൽ കസേരയിട്ടിരുന്ന് ട്രാൻസ്ജെൻഡർ യുവതിയുടെ പ്രതിഷേധം. അവിചാരിതമായി സ്ഥലത്തെത്തിയ സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് ഇരുപത് മിനിറ്റോളം നീണ്ടുനിന്ന പ്രതിഷേധം അവസാനിച്ചത്.
ഇന്നലെ വൈകിട്ട് 6 ഓടെ കമ്മിഷണർ ഒഫീസ് - കൊല്ലം ബിച്ച് റോഡിലാണ് സംഭവം. ഇവിടെയുള്ള സ്വകാര്യ സ്ഥാപനത്തിലാണ് യുവതി നെയിം ബോർഡിനുള്ള ഓർഡർ കൊടുത്തത്. തിങ്കളാഴ്ച കൊടുത്ത ഓർഡർ അനുസരിച്ചുള്ള നെയിംബോർഡ് ഇന്നലെ തരാമെന്ന് പറഞ്ഞ് വൈകിട്ട് കടയിൽ വിളിച്ചുവരുത്തിയെങ്കിലും അഡ്വാൻസ് തുക നൽകിയില്ലെന്ന കാരണം പറഞ്ഞ് കടക്കാർ കൈയൊഴിയുകയായിരുന്നു. ഓർഡർ കൊടുത്ത സമയത്ത് കടക്കാർ അഡ്വാൻസ് തുക ആവശ്യപ്പെട്ടില്ലെന്ന് യുവതി പറയുന്നു. ഇന്ന് നടക്കുന്ന ചടങ്ങാണെന്നും അത്യാവശമാണെന്ന് പറഞ്ഞെങ്കിലും രണ്ട് മണിക്കൂറെങ്കിലും കാത്തിരിക്കണമെന്ന പരുഷമായ മറുപടിയാണ് ലഭിച്ചതെന്ന് യുവതി പറഞ്ഞു. തുടർന്നാണ് റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് റോഡിൽ ഗതാഗത തടസം ഉണ്ടായി. ഈ സമയം അതുവഴി പോയ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ വിവരം തിരക്കുകയും യുവതിയോട് സംസാരിക്കുകയും ചെയ്തു. ഒടുവിൽ കമ്മിഷണറുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ബോർഡ് ചെയ്ത് ഇന്നലെ രാത്രി തന്നെ യുവതിയുടെ വീട്ടിൽ എത്തിക്കാമെന്ന് കടക്കാർ സമ്മതിക്കുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു.