കൊല്ലം: കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിന്റെ വിചാരണയിൽ പ്രതിയുടെ അമ്മ കൂറുമാറിയെങ്കിലും പ്രോസിക്യൂഷന്റെ ക്രോസ് വിസ്താരത്തിൽ പ്രതിക്ക് തിരിച്ചടിയാകുന്ന നിർണായക മൊഴി നൽകി.

വിചാരണയുടെ ആദ്യദിവസമായ ഇന്നലെ പ്രതി രേഷ്മയുടെ അമ്മ സീതയെയാണ് വിസ്തരിച്ചത്. 2021 ജനുവരി 5ന് രാവിലെ ആറോടെ തങ്ങളുടെ വീട്ടിനടുത്ത് കുഞ്ഞിന്റെ കരച്ചിൽ കേട്ടെന്നും മകൾ രേഷ്മയുമായി പോയി നോക്കിയപ്പോൾ നവജാത ശിശുവിനെ കണ്ടെന്നുമായിരുന്നു സീത പൊലീസിന് നൽകിയിരുന്ന മൊഴി. രേഷ്മയുടെ ഭർത്താവായ തന്റെ മരുമകൻ വിഷ്ണുവെത്തിയാണ് കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചുമാറ്റിയതെന്നും മൊഴിൽ പറഞ്ഞിരുന്നു. സീതയാണ് കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചത്. എന്നാൽ തങ്ങളുടെ വീട്ടുപരിസരത്ത് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെന്ന വാർത്ത പത്രത്തിൽ വായിച്ച അറിവേയുള്ളുവെന്നും സീത മൊഴി മാറ്റി. പക്ഷെ പ്രോസിക്യൂഷന്റെ ക്രോസ് വിസ്താരത്തിൽ സീത നിർണായക വെളിപ്പെടുത്തൽ നടത്തി. മകൾ രേഷ്മയും വിഷ്ണുവും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചതാണെന്നും രജിസ്റ്റർ മാരേജ് നടക്കുന്നതിന് മുൻപേ മകൾ അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്നും സീത പറഞ്ഞു. മകൾ ഗർഭിണിയായിരുന്നുവെന്ന കാര്യം രജിസ്റ്റർ മാര്യേജിന് ശേഷമാണ് അറിഞ്ഞതെന്നും മൊഴി നൽകി.

രേഷ്മയുടെ ആദ്യഗർഭം അമ്മ അറിഞ്ഞിരുന്നില്ലെന്ന വെളിപ്പെടുത്തൽ ഉപേക്ഷിച്ച കുഞ്ഞിനെ ഗർഭം ധരിച്ചുവെന്ന പൊലീസ് കണ്ടത്തലിനെ സാധൂകരിക്കുന്നതാണെന്ന് പ്രോസിക്യൂഷന്റെ വാദം. കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിന്റെ ദൃക്സാക്ഷികളായ രേഷ്മയുടെ രണ്ട് അയൽവാസികളും ഇന്നലെ കൂറുമാറി. ഇങ്ങനെയൊരു സംഭവം അറിയില്ലെന്ന് ഇവർ മൊഴി നൽകി. കേസിലെ നിർണായക സാക്ഷിയായ ആശ പ്രവർത്തകയുടെ വിസ്താരം ഇന്ന് നടക്കും. പ്രോസിക്യൂഷന് വേണ്ടി സിസിൻ.ജി.മുണ്ടയ്ക്കൽ, അഡ്വ. ചേതന.ടി.കർമ്മ എന്നിവർ ഹാജരായി.