കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതികൾക്ക് നാലുവർഷം വീതം കഠിന തടവും ഇരുപതിനായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കൊറ്റങ്കര നാലുമുക്ക് നെല്ലിവിള പുത്തൻവീട്ടിൽ ഷെമീർ (38), കൊറ്റങ്കര കണ്ണാർതൊടി ലക്ഷം വീട് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന റഹിം (56) എന്നിവരെയാണ് ജില്ലാ അഡിഷണൽ സെഷൻസ് ജഡ്ജി വി.ഉദയകുമാർ ശിക്ഷിച്ചത്.
2019 മേയ് 26നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം - തിരുമംഗലം ദേശീയപാതയിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടങ്ങിയത്. തമിഴ്നാട്ടിൽ നിന്ന് റഹിമിനെ പിന്നിലിരുത്തി ഷെമീർ സ്കൂട്ടർ ഓടിച്ച് വരികയായിരുന്നു. പരിശോധനയിൽ ഷെമീറിന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്നും റഹീമിന്റെ മടിക്കുത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇവരിൽ നിന്ന് 1.5 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. 3900 രൂപയും കണ്ടെടുത്തു.
പിഴ അടച്ചില്ലെങ്കിൽ ഒരുമാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് കോടതിയിൽ ഹാജരായി. ആര്യങ്കാവ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.ജി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അഞ്ചൽ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി.പ്രശാന്താണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.