കരുനാഗപ്പള്ളി: നവ കേരള സദസുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങൾ കരുനാഗപ്പള്ളിയിൽ അവസാന ഘട്ടത്തിൽ. അസംബ്ളി മണ്ഡലം സംഘാടക സമിതിയുടെയും മുൻസിപ്പൽ പഞ്ചായത്ത് തല സംഘാടക സമിതികളുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ നടക്കുന്നത്. വിവിധ തലങ്ങളിലുള്ള വിപുലമായ പ്രവർത്തക സമ്മേളനങ്ങൾ കൂടി കഴിഞ്ഞു. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ നിന്ന് ഇരുപതിനായിരത്തോളം പേരെ പങ്കെടുപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് താഴെത്തട്ടിൽ നടക്കുന്നത്. ചുമതലയുള്ള സടക്കാർ ഉദ്യോഗസ്ഥരും സ്വാഗതസംഘം ഭാരവാഹികളും ജനപ്രതിനിധികളും ആളുകളെ പങ്കെടുപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. മുൻസിപ്പാലിറ്റിയിലെയും ഗ്രാമപഞ്ചായത്തുകളിലേയും യു.ഡി.എഫ്, ബി.ജെ.പി മെമ്പർമാർ എതിർ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. നവകേരള സദസിന്റെ പ്രചരണാർത്ഥം കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കലാപരിപാടികൾക്ക് തുടക്കമായി. ഇതോടൊപ്പം തന്നെ അസംബ്ളി മണ്ഡലത്തിൽ വീട്ടുമുറ്റ യോഗങ്ങളും നടക്കുന്നു. ഓരോ വാർഡിലും ഒന്നിലധികം യോഗങ്ങളാണ് നടത്തുന്നത്. മുതിർന്നവരും കുട്ടികളും യുവതീ ,യുവാക്കളും വീട്ടുമുറ്റ യോഗങ്ങളിൽ പങ്കെടുക്കുന്നു. 2500 യോഗങ്ങൾ സംഘടിപ്പിക്കാനാണ് അസംബ്ളി മണ്ഡലം സംഘാടക സമിതി തീരുമാനിച്ചത്. ഇതിനകം തന്നെ 2000 ന് മേൽ യോഗങ്ങൾ തീർന്നതായി സംഘാടക സമിതി നേതാക്കൾ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ലഘു ലേഖകളുമായി വീട് വീടാന്തരം കയറി ആളുകളെ വീണ്ടും ക്ഷണിച്ച് തുടങ്ങും. 19 ന് രാവിലെ 11നാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കരുനാഗപ്പള്ളിയിൽ എത്തുന്നത്. 20000 പേർക്ക് ഇരിക്കുന്നതിനുള്ള പന്തലിന്റെ നിർമ്മാണവും ആരംഭിച്ച് കഴിഞ്ഞു.