ഓച്ചിറ: ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്കു വരികയായിരുന്ന യുവാവിനെ ആൾ മാറി വെട്ടി പരിക്കേൽപ്പിച്ചു. മഠത്തിൽക്കാരാണ്മ പുതുപ്പറമ്പിൽ സജീഷ് (26) നാണ് വെട്ടേറ്റത്. ബുധനാഴ്ച്ച രാത്രി 9.45ന് മഠത്തിൽ ബി.ജെ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. സ്വകാര്യ ബസ് ജീവനാരനായ സജീഷ് വീട്ടിലേക്ക് വരവേ വാഹനത്തിൽ എത്തിയ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജീഷ് ഓച്ചിറ പരബ്രഹ്മ ആശുപത്രിയിൽ ചികിത്സയിലാണ്. കുതിരപന്തിയിൽ ഉള്ള യുവാവിനെ ആക്രമിക്കാൻ വന്നവർ ആൾ മാറി സജീഷിനെ അക്രമിച്ചതെന്ന് പറയപ്പെടുന്നു. കുതിരപ്പന്തി ഭാഗങ്ങളിൽ പടക്കം ഉൾപ്പെടെ എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സംഘം വന്നത്. പല വീടുകൾക്ക് നേരെയും അക്രമം ഉണ്ടായി. 28 ഓണാഘോഷത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. ഓച്ചിറ പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.