തൊടിയൂർ :അപകടങ്ങൾ തുടർക്കഥയായ ഇടക്കുളങ്ങര വളവിൽ അപായസൂചന നൽകുന്ന സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചു. റെയിൽവേ സ്റ്റേഷൻ - കാരൂർക്കടവ് റോഡിൽ ഇടക്കുളങ്ങര ക്ഷേത്രത്തിന് മുൻവശത്തെ എൽ ഷേപ്പ് വളവിൽ അപകടങ്ങൾ പതിവായിരുന്നു. വളവ് തിരിച്ചറിയാതെ രാത്രി കാലകാലങ്ങളിൽ തെക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ക്ഷേത്ര മൈതാനത്തിന്റെ അരിക് ഭിത്തി തകർത്ത് മൈതാനത്തേക്ക് ഇടച്ചിറങ്ങിയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ 8ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് 13ന് രാത്രി തന്നെ ഈ വളവിൽ ഇരു വശങ്ങളിലായി അപായസൂചന നൽകുന്ന നാലു സിഗ്നൽ പോസ്റ്റുകൾ സ്ഥാപിച്ചു.തെക്ക് ഭാഗത്തുനിന്ന് എത്തി വളവ് തിരിയുന്ന വാഹനങ്ങൾക്ക് വേണ്ടി മൂന്നും കിഴക്ക് നിന്ന് വരുന്ന വാഹനങ്ങൾക്ക് വേണ്ടി ഒരു സിഗ്നൽ പോസ്റ്റുമാണ് സ്ഥാപിച്ചത്.