കൊല്ലം: ജനിച്ച് 24 മണിക്കൂറിനുള്ളിൽ നവജാത ശിശുക്കളിൽ പരിശോധനകൾ നടത്തി വൈകല്യങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ശലഭം പദ്ധതി വഴി ജി​ല്ലയി​ൽ പരി​ശോധി​ച്ച 5367 കുട്ടി​കളി​ൽ 251 പേർക്ക് ജനന വൈകല്യ സാദ്ധ്യത സ്ഥിരീകരിച്ചു. 2023 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കാണിത്. വെക്ടർ ബോൺ ഡിസീസ് (വി.ബി.ഡി) പരിശോധനയിൽ 187 കുട്ടികൾ രോഗ ബാധിതരെന്നു കണ്ടെത്തി.

പൾസ് ഓക്‌സിമെട്രി (ഹൃദയ സംബന്ധമായത്) സ്‌ക്രീനിംഗിൽ 12 പേർക്കും കേൾവി സംബന്ധമായ പരിശോധനയിൽ 47 കുട്ടികളിലും
വൈകല്യ സാദ്ധ്യത വ്യക്തമായി. ഇവർക്ക് തുടർ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. ജനനസമയത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും പരിഹരിക്കാനും പ്രസവം നടക്കുന്ന എല്ലാസർക്കാർ ആശുപത്രികളിലും നടപ്പാക്കുന്ന പദ്ധതിയാണ് ശലഭം (കോംപ്രിഹെൻസീവ് ന്യൂ ബോൺ സ്‌ക്രീനിംഗ്). 2012ലാണ് ആരംഭിച്ചത്. 11 വർഷത്തിനിടെ ശലഭം പദ്ധതി പ്രകാരം പരിശോധന നടത്തിയത് 69,246 കുട്ടികളിലാണ്. ആർ.ബി.എസ്.കെ (രാഷ്ട്രീയ ബാൽ സ്വസ്ഥ്യ കാര്യ ക്രം) പ്രകാരം 1,14,766 കുട്ടികളിൽ പരിശോധന നടത്തി.

വൈകല്യങ്ങൾ കണ്ടെത്തുന്ന കുട്ടികൾക്ക് 18 വയസ് വരെയുള്ള പരിശോധനകളും തുടർ ചികിത്സകളും സൗജന്യമാണ്. ഈ കുട്ടികളുടെ വിവരങ്ങൾ ജാതക് സേവ എന്ന ആപ്പിൽ അപ് ലോഡ്‌ ചെയ്യും. വിവരങ്ങൾ ശലഭം ആപ്പിലും ലഭിക്കും. ഇതോടെ കുട്ടിയെ ഏത് ജില്ലയിലെ ആശുപത്രിയിൽ തുടർ ചികിത്സയക്കായി എത്തിച്ചാലും ആർ.ബി.എസ്.കെ നഴ്‌സുമാർക്ക് വിവരങ്ങൾ ശലഭം പോർട്ടൽ വഴി ശേഖരിക്കാനാകും. സ്വകാര്യ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികളിൽ ഈ പരിശോധന നടത്തുന്നത് പ്രതിരോധ കുത്തിവയ്പ്പുകളുടെ സമയത്താണ്.


പരിശോധന നാല് വിധം

കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനുള്ളിൽ നടത്തുന്ന ജനന വൈകല്യ പരിശോധന (വി.ബി.ഡി), ജനിതകപരമോ ഹോർമോൺ സംബന്ധമായോ ഉള്ള അപാകത കണ്ടെത്താനുള്ള മെറ്റബോളിക് സ്‌ക്രീനിംഗ് (ഐ.ഇ.എം), പൾസ് ഓക്‌സിമെട്രി സ്‌ക്രീനിംഗ്, ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങൾ പരിശോധിക്കുന്ന ഫങ്ഷണൽ സ്‌ക്രീനിംഗ്, കാഴ്ച പരിശോധനയ്ക്കുള്ള ആർ.ഒ.പി. സ്‌ക്രീനിംഗ്, കേൾവി പരിശോധിക്കുന്ന ഓട്ടോ അക്വസ്റ്റിക്ക് എമിഷൻ സ്‌ക്രീനിംഗ് (ഒ.എ.ഇ), ന്യൂറോ ഡെവലപ്‌മെന്റ് വൈകല്യങ്ങൾ തിരിച്ചറിയുന്നതിനുള്ള സ്‌ക്രീനിംഗ് എന്നിവയാണ് നടത്തുന്നത്.

2023 ഏപ്രിൽ - നവംബർ വരെ

പരിശോധന 5367 കുട്ടി​കളി​ൽ

ജനന വൈകല്യ സാദ്ധ്യത 251 പേർക്ക്

ജില്ലയിൽ ആർ.ബി.എസ്.കെ, ശലഭം പരിശോധന

 കൊല്ലം വിക്‌ടോറിയ ആശുപത്രി

 പാരിപ്പള്ളി മെഡി. ആശുപത്രി

 കടയ്ക്കൽ താലൂക്ക് ആശുപത്രി

 പുനലൂർ താലൂക്ക് ആശുപത്രി

 കൊട്ടാരക്കര താലൂക്ക് ആശുപത്രി

 നെടുങ്ങോലം താലൂക്ക് ആശുപത്രി

 കുണ്ടറ താലൂക്ക് ആശുപത്രി

 ശാസ്താംകോട്ട താലൂക്ക് ആശുപത്രി

 കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി

എല്ലാ സർക്കാർ ആശുപത്രികളിലും ശലഭം പദ്ധതിയിൽപ്പെട്ട കുട്ടികൾക്കായി പ്രത്യേക കോർണറുകൾ ആരംഭിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പ് അധികൃതർ