photo
തീപിടിക്കാത്ത അക്ഷരങ്ങൾ....കത്തിച്ചുനശിപ്പിച്ച പുസ്തകത്തിന്റെ ശേഷിപ്പ്

കൊട്ടാരക്കര: പെരുംകുളം ഗ്രാമത്തിലെ പുസ്തക സ്തൂപത്തിനുനേർക്ക് സാമൂഹിക വിരുദ്ധ ആക്രമണം. പുസ്തകങ്ങൾ തീയിട്ടുനശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ നേതൃത്വത്തിലാണ് അമരം പ്രദേശത്തായി പുസ്തക സ്തൂപം സ്ഥാപിച്ചിരുന്നത്. ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ സുജേഷ് ഹരി ശിലപാകി, 2022 ജൂൺ 19ന് കവി വയലാർ ശരത്ചന്ദ്രവർമ്മ നാടിന് സമർപ്പിച്ച പുസ്ക സ്തൂപത്തിനുള്ളിൽ പുസ്തകങ്ങളുടെ ശേഖരമുണ്ട്. ഈ പുസ്തകങ്ങളാണ് രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. കുറച്ച് പുസ്തകങ്ങൾ സ്തൂപത്തിന് പിന്നിലെ താഴ്ചയിലേക്ക് വലിച്ചെറിഞ്ഞ നിലയിലും ബാക്കിയുള്ളവ രണ്ടിടത്തായി തീയിട്ടു നശിപ്പിച്ച നിലയിലുമായിരുന്നു. രാവിലെ വിവരമറിഞ്ഞ് നാടൊന്നടങ്കം തടിച്ചുകൂടി പ്രതിഷേധമറിയിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

നാടിന്റെ മുഖശ്രീയായ സ്തൂപം

ഗാന്ധിജിയുടെ സ്മാരകമായി പ്രവർത്തനം തുടങ്ങിയ പെരുംകുളത്തെ വായനശാല ഇടക്കാലത്ത് നശിച്ചുപോയെങ്കിലും പിന്നീട് ഉയിർത്തെഴുന്നേറ്റു. കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുങ്ങി. പുസ്തക കൂടുകൾ സ്ഥാപിച്ചതിലൂടെയാണ് കൂടുതൽ ശ്രദ്ധ ലഭിച്ചത്. പ്രദേശത്തിന്റെ വിവിധ ഇടങ്ങളിലായി 14 പുസ്തക കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നും ആവശ്യമുള്ളവർക്ക് പുസ്തകങ്ങൾ സൗജന്യമായി എടുത്തു വായിക്കാം. കൂടിന്റെ വാതിൽ പൂട്ടാറില്ല. ഒരു പുസ്തകം വച്ചിട്ട് അതിൽ നിന്നൊരെണ്ണം എടുത്തുകൊണ്ടുപോയി വായിക്കാമെന്നതാണ് ചട്ടം. നാടിന് പുസ്തക ഗ്രാമമെന്ന പേര് സർക്കാർ അംഗീകരിച്ച് നൽകിയതോടെയാണ് പുസ്തക സ്തൂപം സ്ഥാപിച്ചത്. പെരുംകുളം അമരത്തിലാണ് പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്ന രീതിയിൽ സ്തൂപം നിർമ്മിച്ചത്. ഇത് കാണാനായിത്തന്നെ ഏറെപ്പേർ ഗ്രാമത്തിലേക്ക് എത്താറുണ്ട്. പുസ്തക കൂടുകൾക്കുനേരെ മുൻപും സാമൂഹിക വിരുദ്ധ ആക്രമണം ഉണ്ടായെങ്കിലും പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചത് ആദ്യമായാണ്.

പുസ്തകങ്ങൾ ഇരുട്ടിനെ നീക്കി വെളിച്ചം തരുന്നു. പക്ഷെ ചിലർക്ക് പുസ്തകങ്ങൾ കൂട്ടിയിട്ട് കത്തിക്കുമ്പോഴാണ് വെളിച്ചം ലഭിക്കുക. പുസ്തകത്തിന്റെ പേജ് കീറിയാൽ സങ്കടപ്പെടുന്ന, അറിയാതെയൊന്ന് കാല് തട്ടിയാൽ അപരാധമായി കാണുന്ന നാട്ടിൽ ഈ അതിക്രമം വലിയ വേദനയുണ്ടാക്കുന്നു, പ്രതിഷേധിക്കുന്നു.

സുജേഷ് ഹരി, ഗാനരചയിതാവ്, പെരുംകുളം