കൊട്ടാരക്കര: ഒടുവിൽ പുത്തൂർ റോഡിലെ ദുരിതയാത്രക്ക് അറുതിയായി. കുഴികളടച്ചു. കൊട്ടാരക്കര മുതൽ പുത്തൂർ വരെ തകർന്ന ഭാഗങ്ങളെല്ലാം മെറ്റലിട്ട് ടാറിംഗ് നടത്തി. ഏറെ നാളായി വലിയ കുഴികളിൽക്കൂടിയുള്ള യാത്രയിൽ ബുദ്ധിമുട്ടിയിരുന്നവർക്ക് ആശ്വാസമായി മാറിയിട്ടുണ്ട്. 'മണ്ഡലക്കാലത്തും അറ്റകുറ്റപ്പണിയില്ല, കൊട്ടാരക്കര- പുത്തൂർ റോഡിൽ നടുവൊടിക്കും കുഴികൾ' എന്ന തലക്കെട്ടോടെ നവംബർ 20ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കുഴികൾ അടുക്കുന്നതിന് ഇടപെടുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അന്നുതന്നെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് പരിഹാരമായത്.
താത്കാലിക പരിഹാരം
കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റിൽ പുത്തൂർ റോഡും പൂവറ്റൂർ റോഡും സംഗമിക്കുന്ന ഭാഗത്തായിരുന്നു വലിയ തകർച്ച. ഇവിടെ നിന്നും അര കിലോമീറ്റർ ദൂരത്തിനുള്ളിൽ ഇരുപത് കുഴികൾ വേറെയുമുണ്ടെന്നും അവിടംവിട്ടാൽ അവണൂർ മാവൻകാവ്, പത്തടി ജംഗ്ഷൻ, പത്തടി കലുങ്ക്, പണയിൽ, പുത്തൂർ ചുങ്കത്തറ, കുരിശടിഭാഗം തുടങ്ങിയിടങ്ങളിലെല്ലാം വലിയ കുഴികളുണ്ടെന്നും അപകടം നിത്യ സംഭവമാണെന്നുമായിരുന്നു വാർത്തയിൽ ചൂണ്ടിക്കാട്ടിയത്. കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട മുതൽ - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണത്തിനായി 20.80 കോടി രൂപ അനുവദിച്ചിട്ടും റോഡിന്റെ ഗതികേട് മാറുന്നില്ലെന്ന ആക്ഷേപത്തിന് കുഴി അടക്കലോടെ താത്കാലിക പരിഹാരമായി.