കൊച്ചി: നവകേരള സദസിനുവേണ്ടി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനം വിട്ടുനൽകുന്നതിനെതിരായ ഹർജിയിൽ മൈതാനത്തിന്റെ വിശദമായ രൂപരേഖ ഇന്ന് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

ക്ഷേത്രത്തിന്റെ സ്ഥാനം, മറ്റു കെട്ടിടങ്ങൾ, നവകേരള സദസിനുവേണ്ടി താത്കാലികമായി ഒരുക്കുന്ന വേദിയുടെയും സദസിന്റെയും സ്ഥാനം തുടങ്ങിയവ വ്യക്തമാക്കുന്ന രൂപരേഖയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹാജരാക്കേണ്ടത്.

ക്ഷേത്ര മൈതാനം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തിരുവിതാംകൂർ - കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിന്റെ ലംഘനമാണെന്നാരോപിച്ച് കൊല്ലം കുന്നത്തൂർ സ്വദേശി ജെ.ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻപിള്ള എന്നിവർ നൽകിയ ഹർജി ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.

നവകേരള സദസിന്റെ കൊല്ലത്തെ നോഡൽ ഓഫീസറായ ജില്ലാ കളക്ടർ ഇന്ന് മറുപടി സത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് സെക്രട്ടറിയെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ നൽകിയ അപേക്ഷയും പരിഗണിക്കും. ഡിസംബർ 18 നാണ് ചക്കുവള്ളിയിൽ നവകേരള സദസ്.

സ്കൂൾ മതിൽ പൊളിക്കുന്നതെന്തിന് ?

ചക്കുവള്ളി ക്ഷേത്ര മൈതാനത്തോട് ചേർന്ന് ദേവസ്വം ബോർഡിന്റെ സ്കൂളുണ്ടെന്നും സ്കൂളിന്റെ മതിൽ പൊളിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹർജിക്കാർ ആരോപിച്ചു. എന്തിനാണ് മതിൽ പൊളിക്കുന്നതെന്ന് കോടതി വാക്കാൽ ചോദിച്ചു. മുമ്പ് പലയിടത്തും പരിപാടി നടത്താൻ സ്കൂൾ മതിൽ പൊളിച്ചിട്ടുണ്ടെന്ന് ഹർജിക്കാർ മറുപടി നൽകി. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ മതിൽ പുനർനിർമ്മിച്ച് നൽകുമെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡി. എ.ജി വിശദീകരിച്ചു. പൊതുഖജനാവിൽ നിന്നുള്ള പണമല്ലേ നഷ്ടമാകുന്നതെന്ന് ഈ ഘട്ടത്തിൽ ഹൈക്കോടതി ചോദിച്ചു.