കൊല്ലം: കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. പാവുമ്പ മൂർത്തിവേല കോളനിയിൽ ഉദയൻ (46), തൊടിയൂർ വയലിൽ വീട്ടിൽ അബ്ദുൾ റഹീം (36) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6ന് ഇരുവരും വള്ളിക്കാവ് ആദിനാട് ശ്രീനാരായണ ക്ഷേത്ര സമിതിയുടെ മതിൽക്കെട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

സംശയം തോന്നിയ ക്ഷേത്ര സമിതി ഭാരവാഹികൾ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്.

ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് സുശീലൻ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഷിഹാസ്, എ.എസ്.ഐ സജീന, സി.പി.ഒ നൗഫൽ എന്നിവരടങ്ങിയ പൊലീസാണ് പ്രതികളെ പിടികൂടിയത്.