തൊടിയൂർ: പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നിത്യവും പ്രഭാത ഭക്ഷണവുമായി എത്തുന്ന 'നന്മവണ്ടി'യുടെ പ്രയാണം ആയിരം ദിനങ്ങൾ പിന്നിട്ടു. 2021ൽ ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത നന്മ വണ്ടി, ആയിരം ദിവസം പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഭക്ഷണ വിതരണം നടത്തിയാണ്.
സുമനസുകൾ നൽകുന്ന സഹായമാണ് നന്മ വണ്ടിയുടെ പ്രവർത്തിന് തുണയാകുന്നത്. നെഞ്ചുരോഗാശുപത്രിക്ക് പുറത്ത് തെരുവോരത്തും കടവരാന്തയിലും മറ്റും അന്തിയുറങ്ങുന്നവർക്കും ഇടവേളകളിൽ നന്മവണ്ടി ഭക്ഷണം എത്തിച്ചു നൽകാറുണ്ട്. വിശേഷ ദിവസങ്ങളിൽ പ്രഭാത ഭക്ഷണത്തിന് പുറമേ ഉച്ചഭക്ഷണവും വിതരണം ചെയ്യാറുണ്ട്. വടക്കുംതല എസ്.വി.പി.എം.എച്ച്.എസ് ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ, കല്ലേലിഭാഗത്തെ ഹാരിസ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ ഹാരീസ്ഹാരി,
കരുനാഗപ്പള്ളി നഗരസഭാജീവനക്കാരൻ ബിജു മുഹമ്മദ് എന്നിവരാണ് നന്മ വണ്ടിയുടെ പിന്നണി പ്രവർത്തകർ.
മുൻ എം.എൽ.എ ആർ.രാമചന്ദ്രന്റെ സ്മരണാർത്ഥം വ്യാഴാഴ്ച നെഞ്ചുരോഗാശുപത്രിയിൽ നടന്ന ഭക്ഷണ വിതരണത്തിന് അദ്ദേഹത്തിന്റെ സഹോദരിമാരായ ശ്രീദേവിയമ്മ, രാജലക്ഷ്മി, രുക്മിണിയമ്മ, മഞ്ചു എന്നിവർ നേതൃത്വം നൽകി. ഡോ.നഹാസ് ,സിസ്റ്റർ പ്രസന്ന, നന്മ വണ്ടി ടീം അംഗങ്ങളായ അബ്ദുൽ ഷുക്കൂർ, ഹാരീസ് ഹാരി, ബിജു മുഹമ്മദ് എന്നിവരും പങ്കെടുത്തു.