prathi

കൊല്ലം: ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് 12നാണ് ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരെ കൊട്ടാരക്കാര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രണ്ടിൽ ഹാജരാക്കിയത്.

കഴിഞ്ഞ ഏഴിനായിരുന്ന് മൂവരെയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്.

ഒന്നാം പ്രതി പത്മകുമാറിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലും രണ്ടും മൂന്നും പ്രതികളെ അട്ടക്കുളങ്ങര ജയിലിലേക്കുമാണ് മാറ്റിയത്.

അതേസമയം പ്രതികൾക്ക് വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ രഞ്ജിത്ത് ശങ്കറിന് വേണ്ടി സീനിയർ അഭിഭാഷകനായ പ്രഭു വിജയകുമാർ വഞ്ചിയൂരാണ് ഹാജരായത്. കേസിൽ പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിലാണ് പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. നവംബർ 27 നാണ് ഓയൂർ കാറ്റാടിയിൽ നിന്ന് സഹോദരനൊപ്പം പോവുകയായിരുന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയത്.