കൊല്ലം: പി.എസ്.സി ബിവറേജസ് കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ തട്ടിപ്പ് കേസിൽ ഒന്നാം സാക്ഷിയായ ചാത്തന്നൂർ കോഷ്ണകാവ് മലയാറ്റികോണം ബിജുഭവനിൽ മഞ്ജുവിനെ വീഡിയോ കോൺഫറൻസ് വഴി വിസ്തരിക്കാൻ കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് ജഡ്ജി നിയത പ്രസാദ് ഉത്തരവിട്ടു.

2010 ഒക്‌ടോബർ 30ന് നടന്ന തട്ടിപ്പ് കേസിലെ സാക്ഷിയായ മഞ്ജു, വാഹനാപകടത്തിൽപ്പെട്ട് വീട്ടിൽ ചികിത്സയിൽ കഴിയുന്നതിനാൽ കോടതിയിൽ ഹാജരായി മൊഴി നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും വീഡിയോ കോൺഫറൻസ് വഴി സാക്ഷിമൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ.രവീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

വീഡിയോ കോൺഫറൻസിംഗ് വിചാരണയ്ക്കാവശ്യമായ സജ്ജീകരണങ്ങൾ മഞ്ജുവിന്റെ വീട്ടിൽ ഒരുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കോടതി ചുമതലപ്പെടുത്തി. ജില്ലാ കോടതിയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് വീഡിയോ കോൺഫറൻസിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുക.
കേസിൽ ഒന്നാം പ്രതിയും വ്യവസായ വകുപ്പിലെ ജീവനക്കാരനുമായിരുന്ന, മരണമടഞ്ഞ മൊബൈൽ പ്രകാശ് എന്ന പ്രകാശ് ലാൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് (എൽ.ജി.എസ്) പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ഇയർഫോൺ നൽകാൻ പ്രൊമിസറി നോട്ടും ചെക്കും 10,000 രൂപ വീതം വാങ്ങിയെന്നുമായിരുന്നു കേസ്. കിട്ടുന്ന തുകയിൽ ഒരു ഭാഗം മഞ്ജുവിന് നൽകാമെന്ന് പറഞ്ഞതിനെ തുടർന്ന് വിവരം വിജിലൻസ് എസ്.പിയും 54-ാം സാക്ഷിയുമായ രഘുവർമ്മയെ അറിയിക്കുകയായിരുന്നു.

21 പ്രതികളും 95 സാക്ഷികളും 271 രേഖകളും 22 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കേസ് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എസ്.പി കൃഷ്ണകുമാർ, പത്തനംതിട്ട എസ്.പി അജിത്ത്, എറണാകുളം അഡിഷണൽ എസ്.പി ലാൽജി എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ.രവീന്ദ്രൻ, അഭിഭാഷകരായ വിനീത് ആർ.രവി, ബിജു വിശ്വനാഥ്, മിർസൽ എന്നിവർ ഹാജരാകും.