block
അഞ്ചാലുംമൂട് പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടം സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നു.


അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ജംഗ്ഷനോട് ചേർന്നുള്ളതും കോടികൾ വിലമതിക്കുന്നയുമായ അഞ്ചാലുംമൂട് പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടം ആരും നോക്കാനില്ലാതെ നശിക്കുന്നു. വർഷങ്ങളായി അടഞ്ഞ് കിടക്കുന്ന കെട്ടിടത്തിലേക്ക് കോർപ്പറേഷന്റെ തൃക്കടവൂർ സോണൽ ഓഫീസ് താത്കാലികമായി മാറ്റാൻ 40 ലക്ഷം രൂപ അനുവദിച്ചെങ്കിലും നടപടി ഒന്നുമുണ്ടായില്ല.

അതേസമയം ബ്ലോക്ക് കെട്ടിടത്തിൽ ഹരിതകർമ്മസേന കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ളവയ്ക്ക് മാസങ്ങൾക്ക് മുൻപ് തീ പിടിച്ചതോടെ കെട്ടിടം നിറയെ കത്തിക്കരിഞ്ഞ മാലിന്യങ്ങളാണ്. അഗ്നിബാധ ഉണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താനോ കത്തിക്കരിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യം ഉൾപ്പെടെയുള്ളവ മാറ്റാനോ കോർപ്പറേഷൻ അധികൃതർ തയ്യാറായിട്ടില്ല.

മാലിന്യം മാറ്റാത്തതിനാൽ സോണൽ ഓഫീസിനായി അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്ത അവസ്ഥയാണ്. തൃക്കടവൂർ ഉൾപ്പെടെ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു അഞ്ചാലുംമൂട് ബ്ലോക്ക് ഓഫീസ്. ആദ്യം ചെറിയ കെട്ടിടമാണ് ബ്ലോക്ക് ഓഫീസിന് ഉണ്ടായിരുന്നത്. പിന്നീട് സർക്കാർ തലത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കി നൽകുന്നതിന്റെ ഭാഗമായി അഞ്ചാലുംമൂട് മൃഗാശുപത്രിയോട് ചേർന്ന് ബഹുനില കെട്ടിടം നിർമ്മിക്കുകയായിരുന്നു.

അതേസമയം തൃക്കരുവ ഒഴികെയുള്ള മൂന്ന് പഞ്ചായത്തുകളായിരുന്ന കിളികൊല്ലൂർ, ശക്തികുളങ്ങര, തൃക്കടവൂർ എന്നിവ കോർപ്പറേഷൻ ഡിവിഷൻ ആക്കിയതോടെ അഞ്ചാലുംമൂട്‌ ബ്ലോക്ക് ഓഫീസ് ഇല്ലാതാവുകയും തൃക്കരുവയെ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുത്തുകയുമായിരുന്നു. ഇതോടെ കെട്ടിടം ആരും നോക്കാനില്ലാതെ അനാഥമായി. അടുത്തിടെയാണ് കോർപ്പറേഷൻ കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

സാമൂഹിക വിരുദ്ധരുടെ കേന്ദ്രം


ബഹുനില കെട്ടിടത്തിന് മുന്നിലുള്ള ഷീറ്റ് മേഞ്ഞ ഷെഡ് ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിലാണ്. തീപിടിത്തതിൽ കെട്ടിടങ്ങളുടെ മുകൾ നിലയിലെ ഭിത്തികൾക്ക് വരെ കേടുപാടുണ്ടായിട്ടുണ്ട്. രാത്രിയിൽ ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. അതേസമയം നിലവിലെ സോണൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് ബലക്ഷയവും മഴ പെയ്താൽ പലയിടങ്ങളും ചോർന്നൊലിക്കുന്ന അവസ്ഥയുമുണ്ടെന്നാണ് സോണൽ ഓഫീസുമായി ബന്ധപ്പെട്ടവർ