
കൊല്ലം: സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നു. പരിശോധ മാത്രമല്ല, വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കി മാർക്കുമിടും. മാർക്ക് 50 ശതമാനത്തിൽ താഴെയായാൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് നോട്ടീസും എത്തും.
നേരത്തെ സർക്കാർ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ സ്ഥാപനങ്ങൾക്ക് പുറമേ അർദ്ധ സർക്കാർ, മിഷനുകൾ, അതോറിറ്റികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്താനാണ് നിർദ്ദേശം. ഈമാസം 31ന് മുമ്പ് റിപ്പോർട്ടും നൽകണം. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ യുവജന ക്ഷേമ ബോർഡ് വോളൻഡിയർമാർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാർ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാകും പരിശോധന നടത്തുക.
28 ഘടകങ്ങൾ അടിസ്ഥാനമാക്കി ആകെ 200 മാർക്കിനാണ് പരിശോധന. മാതൃകാ മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് പുറമേ തീരെ മോശപ്പെട്ട അവസ്ഥ കാണുകയാണെങ്കിൽ അതിന്റെ ചിത്രവും മാർക്ക് ഷീറ്റിനൊപ്പം നൽകാനും നിർദ്ദേശമുണ്ട്.
പ്രധാനമായും പരിശോധിക്കുന്നത്
മാലിന്യ സംസ്കരണത്തിന് നോഡൽ ഓഫീസറുണ്ടോ
മാലിന്യം നിക്ഷേപിക്കാൻ ബിന്നുകളുണ്ടോ
ബിന്നുകളിൽ നിന്ന് യഥാസമയം മാലിന്യം നീക്കുന്നുണ്ടോ
ജൈവ മാലിന്യം അംഗീകൃത ഏജൻസിക്ക് കൈമാറുന്നുണ്ടോ
സാനിട്ടറി മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനമുണ്ടോ
ടോയെലെറ്റുകൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ
സെപ്ടിക് ടാങ്കുണ്ടോ
കൊതുക് പെറ്രുപെരുകുന്ന സാഹചര്യമുണ്ടോ
ചടങ്ങുകൾക്ക് പുനരുപയോഗിക്കാവുന്ന വസ്തുക്കളാണോ ഉപയോഗിക്കുന്നത്
മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ഇടപെടലുണ്ടോ
മാലിന്യം സംസ്കരണം സംബന്ധിച്ച് വീടുകൾ കേന്ദ്രീകരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർവേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാർക്ക് നൽകുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതർ