
കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നൽകി വരുന്ന പ്രബോധിനി സാഹിത്യ പുരസ്‌കാരത്തന് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ജോർജ് ഓണക്കൂർ അർഹനായി. 'ഹൃദയരാഗങ്ങൾ' എന്ന കൃതിയാണ് അവാർഡിനർഹമായത്. ഡോ.വള്ളിക്കാവ് മോഹൻദാസ് ചെയർമാനും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, ഗ്രന്ഥശാല പ്രസിഡന്റ് പി.ദീപു എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 10,000 രൂപയും അനി വരവിള രൂപകല്പ്‌പന ചെയ്‌ത ശില്‌പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 31ന് വൈകിട്ട് 5ന് പ്രബോധിനി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്‌ണൻ ജോർജ് ഓണക്കൂറിന് സമ്മാനിക്കും.