
പത്തനാപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ അടമുള്ളവർക്ക് ലഹരി കലർന്ന അരിഷ്ടം വിൽക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് കുടുംബശ്രീ, സി.ഡി.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചെമ്പനരുവിലെ ഫാർമസി പൂട്ടിച്ചു. പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി വാർഡ് അംഗം ബിന്ദുവിന്റെ നേതൃത്വത്തിൽ 30 ഓളം കുടുംബശ്രീ പ്രവർത്തകർ എത്തിയാണ് അരിഷ്ടക്കട പൂട്ടിച്ചത്.
ഏഴ് മാസം മുമ്പ് ഇവിടെ അരിഷ്ടക്കട തുറന്നപ്പോൾ സ്ത്രീകൾ അടക്കമുള്ളവർ എതിർക്കുകയും ലഹരിപകരുന്ന അരിഷ്ടം വിൽക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള കുടുംബശ്രീ പ്രവർത്തകരെത്തി അന്ന് കട അടപ്പിച്ചിരുന്നു.
വ്യാജ അരിഷ്ടം വിൽക്കുന്നതിനെതിരെ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പഞ്ചായത്ത് അംഗം ബിന്ദു പറഞ്ഞു.എ.ഡി.എസ് പ്രസിഡന്റ് പ്രഭ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്ജ്, സെക്രട്ടറി ബിധു, മുൻ വാർഡ് അംഗം ദീപ, അമ്മിണി തുടങ്ങിയവർ പങ്കെടുത്തു.