
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കായി ഓട്ടോ സൗഹൃദ കൂട്ടായ്മയുടെ സൗജന്യ ഓട്ടോ സർവീസ്. കൊല്ലം റെയിൽവേ സ്റ്റേഷൻ, ചിന്നക്കട, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് കലോത്സവ വേദികളിലേക്കും വേദികളിൽ നിന്ന് മറ്റ് വേദികളിലേക്കും പോകുന്ന മത്സരാർത്ഥികൾക്കും ഒപ്പമുള്ളവർക്കുമാണ് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തുന്നത്.
ജനുവരി 4 മുതൽ 8 വരെ പതിനഞ്ച് വാഹനങ്ങൾ സൗജന്യ ഓട്ടത്തിനായി പട്ടണത്തിൽ ഉണ്ടാകും. ഓട്ടോ തൊഴിലാളികളുടെ കലാ- സാംസ്കാരിക - ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പരസ്പര സഹായങ്ങൾക്കുമായി ജില്ലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഓട്ടോ സൗഹൃദ കൂട്ടായ്മ നേരത്തെയും നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടിയിരുന്നു.
വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ കെ.ഐ.ലാൽ, സിറ്റി പൊലീസ് കമ്മിഷണർ, ആർ.ടി.ഒ എന്നിവർക്ക് സൗജന്യ ഓട്ടോ സർവീസിന്റെ സമ്മതപത്രം കൈമാറി. പതിനഞ്ച് വാഹനങ്ങളുടെ പട്ടികയും ഫോൺ നമ്പരും കൈമാറി. പ്രസിഡന്റ് ആർ.ബിജു പണയിൽ, സെക്രട്ടറി സന്തോഷ് ഇരവിപുരം, ട്രഷറർ വിഷ്ണു പാലത്തറ, ഷാജഹാൻ കൊട്ടാരക്കര, സന്തോഷ് ആൽബർട്ട്, ഷാജഹാൻ, സൈജു, മണികണ്ഠൻ കടപ്പാക്കട എന്നിവർ നേതൃത്വം നൽകി.