
തഴവ: ഏത് നിമിഷവും തകർന്ന് നിലം പൊത്താറായ അവസ്ഥയിൽ നിൽക്കുന്ന കരുനാഗപ്പള്ളി ഗവ. മുസ്ലിം എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിന് അടിയന്തര നടപടികൾ വേണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതരും നാട്ടുകാരും രംഗത്ത്. നാല് ഡിവിഷനുകളിലായി ശരാശരി 85ന് മുകളിൽ വിദ്യാർത്ഥികളാണ് കെട്ടിടത്തിൽ പഠിക്കുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്‌കൂളിന് മുൻവശമുണ്ടായിരുന്ന ആറര സെന്റ് ഭൂമിയും കെട്ടിടത്തിന്റെ പകുതി ഭാഗവും ഏറ്റെടുത്തിരുന്നു. റോഡ് വികസനത്തിനായി ഒരു വർഷം മുമ്പ് സ്‌കൂൾ കെട്ടിടം ഭാഗികമായി പൊളിച്ച് നീക്കിയതോടെ നിലവിലുള്ള അവശേഷിച്ച ഭാഗവും കേടുപാടുകൾ പറ്റി തകർന്ന് വീഴാറായ നിലയിലാണ്. കെട്ടിടത്തിന്റെ ദുരവസ്ഥ നിരവധി തവണ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും വിദ്യാഭ്യാസ വകുപ്പ്, ജനപ്രതിനിധികൾ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാനും സുഗമമായ അദ്ധ്യയനത്തിനും അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് പി.ടി.എ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകി.
വാഗ്ദാനങ്ങൾക്ക് കുറവില്ല
മുമ്പ് കരുനാഗപ്പള്ളി ബി.ആർ.സിയുടെ ഒരു ഡിവിഷൻ സ്‌കൂളിന്റെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ കെട്ടിടം പകുതി പൊളിച്ച് നീക്കിയതോടെ നാല് ഡിവിഷനുള്ള സൗകര്യം പകുതിയായി കുറയുകയും ബി.ആർ.സിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മഴ നനയാതെ കയറിയിരിക്കാൻ പോലും സൗകര്യമില്ലാതെയുമായി. കഴിഞ്ഞ ആറുമാസത്തിനിടയിൽ സ്ഥലം എം.എൽ.എ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ, നഗരസഭ അധികൃതർ എന്നിവർ സ്‌കൂളിൽ സന്ദർശനം നടത്തുകയും പുനരുദ്ധാരണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്ത് മടങ്ങിയതുമല്ലാതെ ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല.
വഴിനടക്കാൻ വയ്യ
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്‌കൂളിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്ത് റോഡ് നിർമ്മാണം ആരംഭിച്ചതോടെ ഗ്രാവലുകളും മെറ്റലുകളും സ്‌കൂളിന് മുന്നിൽ കുന്നുകൂടി കുട്ടികൾക്കും അദ്ധ്യാപകർക്കും കാൽനടയായി സ്‌കൂളിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണ്. നിലവിലുള്ള ദേശീയപാതയിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ അവശേഷിക്കുന്ന സ്‌കൂൾ കെട്ടിടത്തിന് വിറയൽ അനുഭവപ്പെടാറുണ്ടെന്നും അദ്ധ്യാപകർ പറയുന്നു. സ്കൂളിന് മുന്നിൽ വെള്ളക്കെട്ടും രൂക്ഷമാണ്