
കൊല്ലം: കശുഅണ്ടി മേഖലയിൽ നിലനിൽക്കുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ മേഖലയുമായി ബന്ധപ്പെട്ട നയം തിരുത്തണമെന്ന് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു. നവകേരള സദസിന് മുന്നോടിയായി ഫെഡറേഷൻ ഒഫ് കാഷ്യു പ്രോസസേഴ്സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ് നടത്തിയ സെമിനാർ കൊല്ലം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോട്ടണ്ടി ഇറക്കുമതിയിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഇറക്കുമതി ചുങ്കമാണ് കശുഅണ്ടി വ്യവസായത്തിന്റെ തകർച്ചയ്ക്കുള്ള ആദ്യകാരണം. നിരന്തരമായ പ്രക്ഷോഭങ്ങളെ തുടർന്ന് പിന്നീട് ഇത് വെട്ടിക്കുറച്ചെങ്കിലും ഇപ്പോഴും ഇറക്കുമതി തീരുവ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാഷ്യു സെന്റർ സി.ഐ.ടി.യു പ്രസിഡന്റ് കെ.രാജഗോപാൽ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു, കാഷ്യു കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം സുചീന്ദ്രൻ, വ്യവസായ പ്രതിനിധികളായ മുഹമ്മദ് ഷാഫി, സുധീർ, മുഹമ്മദ് ഷാൻ, ബാങ്ക് പ്രതിനിധികൾ, വ്യവസായികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.