കൊല്ലം: ഉക്രെയിനിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ തുടർപഠനം സാദ്ധ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ ലോക് സഭയിൽ അറിയിച്ചു.

നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് മറുപടിയായാണ് വിവരം അറിയിച്ചത്.

മെഡിക്കൽ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് നാഷണൽ മെഡിക്കൽ കമ്മിഷൻ വ്യവസ്ഥകൾ ഉദാരമാക്കിയിട്ടുണ്ട്. അവസാന വർഷ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കുകയും 2022 ജൂൺ 30ന് മുമ്പ് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്ത വിദേശത്ത് പഠിച്ച ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷ എഴുതാവുന്നതാണ്. അത്തരത്തിൽ പരീക്ഷ പാസാക്കുന്ന വിദ്യാർത്ഥികൾ രണ്ട് വർഷത്തെ നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി രജിസ്‌ട്രേഷൻ നേടാം. ഉക്രെയിൻ നൽകിയിട്ടുള്ള അക്കാഡമിക് മോബിലിറ്റി പ്രോഗ്രാമിന് എൻ.എം.സി അംഗീകാരം നൽകിയിട്ടുണ്ട്. സംഘർഷം നിലനിൽക്കുന്ന കാലയളവിൽ താത്കാലികമായി ഇന്ത്യ ഒഴികെയുള്ള മറ്റ് രാജ്യങ്ങളിലെ സർവകലാശാലകളിൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി ചേരാം. അവശേഷിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ വിദ്യാർത്ഥികൾക്ക് ഒരു അവസരം കൂടി നൽകും. പഠനത്തിനായി ചേരുന്ന യൂണിവേഴ്‌സിറ്റിയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്നും എം.പിക്ക് നൽകിയ മറുപടിയിൽ പറയുന്നു.