കൊല്ലം: പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ലഭിക്കുന്നതിന് നിരന്തര പ്രക്ഷോഭം സംഘടിപ്പിക്കാൻ കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് സംഘ് തയ്യാറാകണമെന്ന് സംസ്ഥാന പ്രസിഡന്റ് എം.കെ.സദാനന്ദൻ പറഞ്ഞു. കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് സംഘ് 26-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജി.സരോജാക്ഷൻ പിള്ള അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ഫെറ്റോ ജില്ലാ പ്രസിഡന്റ് എ.ജി.രാഹുൽ, എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് ആർ.പ്രദീപ്‌കുമാർ, കെ.എസ്.ടി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി എം.ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഡി.ബാബു പിള്ള (ജില്ലാ സെക്രട്ടറി) സ്വാഗതവും ആർ.മോഹനൻ (ജില്ലാ വൈസ് പ്രസിഡന്റ്) നന്ദിയും രേഖപ്പെടുത്തി.