കുന്നത്തൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ കുന്നത്തൂരിലെ വേദി ചക്കുവള്ളിയിൽ തന്നെയെന്ന് അധികൃതർ. ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ 18ന് പരിപാടി നടത്തുന്നതിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് അധികൃതരും സംഘാടക സമിതിയും ചേർന്ന് ക്ഷേത്ര മൈതാനിയിൽ നിന്നും ഏറെ അകലെയല്ലാത്ത കശുവണ്ടി ഫാക്ടറി പരിസരത്ത് പുതിയ വേദി ഒരുക്കാൻ തീരുമാനിച്ചു. ഒന്നര ഏക്കറോളം വരുന്ന വിശാലമായ ഗ്രൗണ്ടുള്ള കശുവണ്ടി ഫാക്ടറി പരിസരത്തെ കാട് വെട്ടി തെളിക്കുന്ന ജോലി ആരംഭിച്ചു. വിവാദമായ ക്ഷേത്ര മൈതാനത്തു നിന്നും കിഴക്കു മാറി വിളിപ്പാടകലെയാണ് ഫാക്ടറി വളപ്പ്. ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ നവകേരള സദസിനുള്ള വേദിയുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് പണിത കൂറ്റൻ പന്തലുകൾ ഉൾപ്പെടെയുള്ളവ പൊളിച്ചു മാറ്റി പുതിയ സ്ഥലത്തേക്ക് ദിവസങ്ങൾ കൊണ്ട് മാറ്റി സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് സംഘാടക സമിതിക്കാർ.