കൊല്ലം: പോർട്ട് സുരക്ഷ സംബന്ധിച്ചുള്ള അന്താരാഷ്ട്ര സംവിധാനമായ സ്ഥിരം ഐ.എസ്.പി.എസ് കോഡ് കൊല്ലം പോർട്ടിന് അനുവദിച്ചു. ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ കീഴിൽ കൊച്ചിയിലുള്ള മർക്കെന്റയിൽ മറൈൻ ഡിപ്പാർട്ട്മെന്റ് കുറച്ചധികം സുരക്ഷാ ക്രമീകരണങ്ങൾ കൂടി സജ്ജമാക്കണമെന്ന നിർബന്ധനയോടെ കഴിഞ്ഞ ജൂണിൽ ആറ് മാസത്തേക്ക് കൊല്ലം പോർട്ടിന് ഐ.എസ്.പി.എസ് കോഡ് അനുവദിച്ചിരുന്നു. അന്ന് മുന്നോട്ടുവച്ച സുരക്ഷാ സംവിധാനങ്ങളെല്ലാം സജ്ജമാക്കിയതോടെയാണ് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ സ്ഥിരം ഐ.എസ്.പി.എസ് കോഡ് അനുവദിച്ചത്.

എമിഗ്രേഷനിലേയ്ക്കുള്ള ചവിട്ടുപടി

 ഐ.എസ്.പി.എസ് കോഡ് അനുവദിച്ചത് എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കാനും സഹായകരമാകും

 എമിഗ്രേഷൻ പോയിന്റ് അനുവദിക്കാനുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാം നിലവിൽ കൊല്ലം പോർട്ടിൽ സജ്ജമാണ്

 സ്ഥിരം ഐ.എസ്.പി.എസ് കോഡ് ഇല്ലാത്തത് ചെറിയ പോരായ്മായിരുന്നു

 ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായത്

? ഐ.എസ്.പി.എസ് കോഡ്

പോർട്ട് സുരക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ നിർബന്ധമാക്കിയിട്ടുള്ളതാണ് ഐ.എസ്.പി.എസ് കോഡ്. ഇത് അനുവദിക്കുന്നതിന് പോർട്ടിലേക്ക് അതിക്രമിച്ച് കടയ്ക്കൽ തടയൽ, യാനങ്ങളിൽ നിന്നോ യാനങ്ങളിലേക്കോ പരിശോധനകളില്ലാതെ കടക്കാനുള്ള സാഹചര്യങ്ങൾ തടയാനുള്ള ക്രമീകരണം. അനധികൃതമായി സാമഗ്രികൾ കടത്തുന്നത് തടയാനുള്ള സംവിധാനങ്ങൾ തുടങ്ങിയവ സംബന്ധിച്ചായിരുന്നു പരിശോധന. സുരക്ഷാ ഭീഷണി നേരിടാനുള്ള റഡാറുകൾ, മെറ്റൽ ഡിറ്റക്ടർ, സ്കാനറുകൾ, നിരീക്ഷണ കാമറ സംവിധാനം എന്നിവയാണ് നിർബന്ധമായും വേണ്ടിയിരുന്നത്.

ഒരു മാസത്തിനുള്ളിൽ എമിഗ്രേഷൻ ചെക്ക് പോയിന്റ് കേന്ദ്ര അഭ്യന്തര മന്ത്രാലയം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എൻ.എസ്.പിള്ള, ചെയർമാൻ

കേരള മാരിടൈം ബോർഡ്