കൊല്ലം: കൊല്ലത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലവറ നി​റയ്ക്കാൻ പഴയിടവും സംഘവുമെത്തും. ഭക്ഷണം തയ്യാറാക്കാനുള്ള ടെണ്ടർ തുടർച്ചയായ 16-ാം വർഷവും പഴയിടം കാറ്ററിംഗ് ഉടമ പഴയിടം മോഹനൻ നമ്പൂതിരി നേടി.

കഴിഞ്ഞ ദിവസം കൊല്ലം ഡി.ഡി.ഇ ഓഫീസിലാണ് ടെണ്ടറുകൾ തുറന്നത്. മൂന്ന് പേരാണ് ടെണ്ടർ സമർപ്പിച്ചത്. ഭക്ഷണം തയ്യാറാക്കൽ, പാത്രങ്ങളുടെ വാടക, സാധനങ്ങൾ ഉൾപ്പെടെ 50 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. 2024 ജനുവരി നാല് മുതൽ എട്ട് വരെ 24 വേദികളിലായാണ് കലോത്സവം നടക്കുന്നത്.

നഗരത്തിലെ ക്രേവൻ സ്‌കൂളിലാണ് ഭക്ഷണശാല ഒരുങ്ങുന്നത്. കലോത്സവത്തിലെ വിഭവങ്ങളുടെ അവസാന പട്ടിക 18ന് പഴയിടം മോഹനൻ നമ്പൂതിരി കൊല്ലത്തെത്തിയ ശേഷമാകും തീരുമാനിക്കുകയെന്ന് കലോത്സവ ഭക്ഷണ കമ്മിറ്റി കൺവീനർ ജയചന്ദ്രൻ പറഞ്ഞു.

ഓരോ ദിവസത്തെയും ഉച്ചഭക്ഷണത്തിൽ വ്യത്യസ്തങ്ങളായ വിഭവങ്ങളുണ്ടാകും. പായസവുമുണ്ട്. പ്രഭാത ഭക്ഷണത്തിന് 10000 പേർക്കും ഉച്ചഭക്ഷണത്തിന് 20,000 പേർക്കും രാത്രി ഭക്ഷണത്തിന് 10,000 പേർക്കുമാണ് തയ്യാറാക്കുന്നത്. 200 പേർക്ക് ഒരേസമയം ഇരിക്കാവുന്ന പത്ത് ഭക്ഷണ ക്യാബിനുകളാണ് ഭക്ഷണപ്പുരയിൽ സജ്ജീകരിക്കുക.

വെജിറ്റേറിയൻ ഭക്ഷണങ്ങൾ വിളമ്പാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശമെന്ന് ഭക്ഷണ കമ്മിറ്റി കൺവീനർ പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകുന്ന അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയ്ക്കാണ് ഭക്ഷണകമ്മിറ്റിയുടെ ചുമതല.