കൊല്ലം: ലഹരി ഉപയോഗവും വില്പനയുമായി ബന്ധപ്പെട്ട കേസുകൾ ജില്ലയിൽ വർദ്ധിക്കുന്നു. കഴിഞ്ഞ ജനുവരി മുതൽ നവംബർ വരെ 614 പേരാണ് പിടിയിലായത്. ഒരു വർഷത്തിനിടെ 200ൽ അധികം കേസുകളാണ് വർദ്ധിച്ചത്.
ഈ വർഷം നവംബർ 22 വരെ 3,466 പരിശോധനകളാണ് എക്‌സൈസ് ജില്ലയിലെ ഒൻപത് റേഞ്ചുകളിലായി നടത്തിയത്. ഇതിൽ എൻ.ഡി.പി.എസ് നിയമപ്രകാരം മാത്രം 472 കേസുകൾ രജിസ്റ്റർ ചെയ്തു. 2022ൽ 216 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
മുൻകാലങ്ങളിൽ നിന്ന് വൃത്യസ്തമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിൽപ്പനയ്‌ക്കെത്തിക്കുന്ന ലഹരി വസ്തുക്കളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. പിടിയിലാകുന്നവരിൽ അധികവും അന്യസംസ്ഥാന തൊഴിലാളികളാണ്. കഞ്ചാവ്, പുകയില ഉത്പന്നങ്ങളേക്കാൾ എം.ഡി.എം.എ പോലെയുള്ള സിന്തറ്റിക് ഡ്രഗുകളാണ് ജില്ലയിൽ കൂടുതലായി വിറ്റഴിക്കുന്നത്.
പഴുതുകൾ പിടിവള്ളി
ലഹരി സംഘങ്ങളെ എക്‌സൈസുകാർ പിടികൂടിയാലും മണിക്കൂറുകൾക്കുള്ളിൽ പുറത്തിറങ്ങുന്ന അവസ്ഥയാണുള്ളത്. എൻ.ഡി.പി.എസ് നിയമപ്രകാരം പിടിയിലാകുന്നവർക്ക് ഒരുവർഷം മുതൽ 30 വർഷം വരെ തടവും 10,000 മുതൽ രണ്ട് ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. എന്നാൽ ഈ നിയമത്തിൽ പ്രതികൾക്ക് രക്ഷപ്പെടാനാവശ്യമായ ഒരുപാട് വകുപ്പുകളുണ്ടെന്ന് എക്‌സൈസ് അധികൃതർ പറയുന്നു.
ലഹരി ഗുളികകൾ കൈവശം വച്ചാൽ ആറ് മാസം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. കഞ്ചാവുമായി പിടികൂടിയാൽ, ഒരു കിലോയിൽ താഴെയാണെങ്കിൽ സ്റ്റേഷൻ ജാമ്യം ലഭിക്കും.
എക്സൈസ് അധികൃതർ
ജനുവരി മുതൽ ഒക്‌ടോബർ വരെ
മാസം -  2022ലെ കേസ് -  2023 കേസ്
ജനുവരി - 22, 37
ഫെബ്രുവരി- 20, 38
മാർച്ച്- 20, 49
ഏപ്രിൽ - 25, 40
മേയ്-18, 43
ജൂൺ -18, 55
ജൂലായ്- 30, 61
ആഗസ്റ്റ് - 21, 53
സെപ്തംബർ- 21, 44
ഒക്‌ടോബർ - 21, 52