a

ചവറ: മുഖ്യമന്ത്രിയും 19 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെ വരവേൽക്കാൻ ഒരുങ്ങി ചവറ നിയോജക മണ്ഡലം. 19ന് ഉച്ചയ്ക്ക് 3ന് ചവറ ടൈറ്റാനിയം ഗ്രൗണ്ടിലാണ് നവകേരളസദസ് നടക്കുന്നത്.

ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര, കൊല്ലം കോർപ്പറേഷനിൽപ്പെട്ട ശക്തികുളങ്ങര എന്നിവിടങ്ങളിൽ വിപുലമായ പ്രചരണ പരിപാടികളാണ് നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

ഒരോ പഞ്ചായത്തിലും ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഭാരവാഹികളായി പഞ്ചായത്ത്തല സംഘാടക സമിതിയുടെ നേതൃത്വത്തിൽ

6 മേഖലയായി തിരിച്ചാണ് പരിപാടികൾ നടന്നത്. കൂട്ടയോട്ടം, മെഗാതിരുവാതിരകൾ, വിളംബരജാഥകൾ, ഫുട്ബാൾമേളകൾ, ഓലമെടയൽമത്സരം, കരടികളി, ചിത്രരചനാമത്സരം, സെമിനാർ, ക്വിസ്സ് മത്സരം, ഫ്‌ളാഷ്‌മോബ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഭവന സന്ദർശനങ്ങളും വീട്ട് മുറ്റയോഗങ്ങളും നടന്നു.

പരാതികൾ നൽകാം

നിവേദനങ്ങളും പരാതികളും ഉച്ചയ്ക്ക് 12.30 മുതൽ നൽകാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ പരാതികളും നിവേദനങ്ങളും സ്വീകരിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന 21 കൗണ്ടറുകൾ നവകേരള സദസിന്റെ പ്രധാന പന്തലിന് ഇടത് വശത്ത് തയ്യാറാണ്.തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പരാതികൾ സ്വീകരിച്ച് അപ്പോൾതന്നെ കൈപ്പറ്റ് രസീത് ഓരോ അപേക്ഷകനും നൽകും. അപേക്ഷകർക്ക് നേരിട്ട് പരാതികളും അപേക്ഷകളും നൽകാം. ഒരാഴ്ച മുതൽ 45 ദിവസങ്ങൾക്കകം നൽകിയ പരാതിയിന്മേൽ സ്വീകരിച്ച നടപടി ഓരോ അപേക്ഷകനെയും അറിയിക്കും.

ഫുഡ്കോർട്ട് മുതൽ കലാപരിപാടികൾ വരെ

നവകേരള സദസിൽ എത്തിച്ചേരുന്നവർക്ക് കുടിവെള്ളം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ നേതൃത്വം നൽകുന്ന ഫുഡ്‌കോർട്ടും ഉച്ചമുതൽ സജ്ജമാകും. രാവിലെ കൊല്ലത്ത് നടക്കുന്ന പ്രഭാതയോഗത്തിലും ചവറയുടെ പ്രതീക്ഷകളും വികസന നിർദ്ദേശങ്ങളും അവതരിപ്പിക്കാൻ വിദ്യാർത്ഥി പ്രതിനിധികൾ മുതൽ സാധാരണ തൊഴിലാളികൾ, വ്യവസായ സംരഭകൻ ഉൾപ്പടെയുള്ളവരുടെ പ്രതിനിധികൾ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30 മുതൽ ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ ഗാനമേള ഉൾപ്പടെയുള്ള കലാപരിപാടികൾ അരങ്ങേറും.

സംഘാടക സമിതി ചെയർമാൻ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, മത്സ്യഫെഡ്‌ ചെയർമാൻ ടി.മനോഹരൻ, കോ​ഓർഡിനേറ്റർ എം.വി.ഷാരി (ജില്ലാടൗൺപ്ലനർ), വൈസ്‌ചെയർമാൻ ആർ.രവീന്ദ്രൻ, മീഡിയാ കൺവീനർ എസ്.ജയൻ, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രജിത്, സ്‌പോൺസറിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാമചന്ദ്രൻപിള്ള, ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ ജോയ് രോഡ്‌സ്, അനിൽ പുത്തേഴം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു