
കൊല്ലം: എ.ഐ.ടി.യു.സി ജില്ലാ സമ്മേളനത്തിന് തുടക്കമായി. സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സംരംഭങ്ങളെ ഒന്നൊന്നായി വിറ്റഴിക്കുകയാണ് മോദി സർക്കാർ.
രാജ്യത്ത് തൊഴിൽ സാദ്ധ്യതകൾ ഇല്ലെന്നതാണ് ചെറുപ്പക്കാർ നേരിടുന്ന പ്രധാന പ്രശ്നം. തൊഴിലില്ലായ്മ പെരുകുമ്പോൾ തൊഴിലുറപ്പ് പദ്ധതി 100 ദിവസം എന്നത് 200 ആയി വർദ്ധിപ്പിക്കണമെന്നും പദ്ധതി നഗരപ്രദേശങ്ങളിലേയ്ക്കും വ്യാപിപ്പിക്കണമെന്നും സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചില്ലെന്ന് മാത്രമല്ല, ഇത് 50 ദിവസമായി ചുരുക്കി. ബഡ്‌ജറ്റിലെ വിഹിതം 30 ശതമാനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തതായി ജെ.ഉദയഭാനു പറഞ്ഞു.
പള്ളിമുക്ക് ആമിന ഓഡിറ്റോറിയത്തിലെ കെ.ഭാർഗവൻ നഗറിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. ഇന്ദുശേഖരൻ നായർ അദ്ധ്യക്ഷ
നായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ജി.ബാബു, ട്രഷറർ ബി.മോഹൻദാസ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ, സംസ്ഥാന എക്സി. അംഗം ആർ.രാജേന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.പി.ഗോപകുമാർ, മഹിളാസംഘം ജില്ലാ സെക്രട്ടറി അഡ്വ. എം.എസ്.താര, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശനൻ, ജോ. കൗൺസിൽ ജില്ലാ സെക്രട്ടറി കെ.വിനോദ്, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി എം.എ.നവീൻ, ജോ. കൗൺസിൽ ജില്ലാ സെക്രട്ടറി കെ.വിനോദ്, അഡ്വ. ജി.ലാലു എന്നിവർ സംസാരിച്ചു.