കുളത്തുപ്പുഴ : പ്രൈം മിനിസ്റ്റർ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം പദ്ധതിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതികൾക്കെതിരെ സമഗ്ര അന്വേഷണം വേണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ഷെഫീഖ് ചോഴിയക്കോട് ആവശ്യപ്പെട്ടു.
കുളത്തൂപ്പുഴ ഇ.എസ്.എം കോളനി മണിവിലാസം വീട്ടിൽ രമ്യ ബിനു, പതിനൊന്നാം മൈൽ മല്ലികാനത്തിൽ സുമിത എന്നിവരാണ് കുളത്തൂപ്പുഴ, കടയ്ക്കൽ,കുണ്ടറ, പോത്തൻകോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള സ്ത്രീകളുടെ പക്കൽ നിന്ന് 1.5 കോടിയോളം രൂപ തട്ടിപ്പ് നടത്തിയത്.
പ്രധാനമന്ത്രിയുടെ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പ തരപ്പെടുത്തി തരാമെന്നും അതിന് മാർജിൻ തുകയായി മുൻകൂർ പണം അടയ്ക്കണം എന്നുമുള്ള വ്യാജേനയാണ് തുക കൈക്കലാക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെ കണ്ടെത്തി പല ഘട്ടങ്ങളിലായാണ് ഇവർ തട്ടിപ്പ് നടത്തിയത്. കുളത്തുപ്പുഴ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം ഊർജിതമല്ലെന്ന് ആക്ഷേപമുണ്ട്. തട്ടിപ്പിനിരയായവർ സുമിതയുടെ പതിനൊന്നാം മൈലിലെ വീട്ടുപടിക്കൽ പ്രതിഷേധ സൂചകമായി സമരം നടത്തിവരികയാണ്.