ചവറ: നിരത്തുകളിലെ ഭൂരിഭാഗം അപകടങ്ങൾക്കും കാരണം ട്രാഫിക് നിയമ ലംഘനങ്ങളാണെന്ന് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി പറഞ്ഞു.

കേരളകൗമുദിയും മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ചവറ ശങ്കരമംഗലം സിദ്ധാർത്ഥ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിച്ച റോഡ് സുരക്ഷ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രാഫിക് നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകാൻ നമുക്ക് സാധിക്കണം. പലപ്പോഴും കൺമുന്നിൽ നടക്കുന്ന അപകടങ്ങളിൽ പോലും നമുക്ക് നോക്കിനിൽക്കേണ്ട അവസ്ഥണുള്ളത്.

അപകടങ്ങൾ ഉണ്ടാകുമ്പോൾ പുതുതലമുറ യുവാക്കൾ ഒരു കുടുംബത്തെയും പ്രദേശത്തെയും ആകെ ദുഃഖത്തിലാഴ്ത്തുന്ന കാഴ്ചയാണ് നാം നിത്യവും കാണുന്നത്.

ട്രാഫിക് നിയമങ്ങളെക്കുറിച്ച് അറിയാവുന്ന ഒരു തലമുറയെ ചെറുപ്രായം മുതൽ വളർത്തിയെടുക്കാൻ നമ്മൾ ശ്രദ്ധിക്കണം. ട്രാഫിക് നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോയാൽ അപകടങ്ങളില്ലാത്ത കാലഘട്ടത്തിലേക്ക് കടക്കാൻ കഴിയും.

എ.ഐ ക്യാമറ സ്ഥാപിച്ചതിലൂടെ പലരുടെയും നിയമലംഘനങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

നിയമലംഘനം നടത്തുന്നവർക്ക് കനത്ത ശിക്ഷ നൽകണം. കർശനമായ നിയമങ്ങളിലേക്ക് പോയെങ്കിൽ മാത്രമേ പുതുതലമുറയും സമൂഹവും ഭയത്തോടെ നിയമങ്ങളെ കാണൂ. അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാനുള്ള പരിശീലനവും ട്രാഫിക്ക് ബോധവത്കരണവും സ്‌കൂളിൽ നിന്ന് ആരംഭിക്കണമെന്ന കേരളകൗമുദിയുടെയും മോട്ടോർ വാഹന വകുപ്പിന്റെയും നിലപാട് അഭിനന്ദനാർഹമാണ്.
ജനങ്ങളെ ബോധവാന്മാരാക്കാൻ മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കേരളകൗമുദി ഇന്നത്തെ കാലത്ത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും സന്തോഷ് തുപ്പാശേരി പറഞ്ഞു.

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ രാംജി കെ.കരൻ ട്രാഫിക് ബോധവത്കണ ക്ലാസെടുത്തു. ജനങ്ങളുടെ സുരക്ഷയ്ക്കായാണ് പൊലീസും മോട്ടോർ വാഹന വകുപ്പും റോഡിൽ പരിശോധനകൾ നടത്തുന്നത്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനങ്ങൾ ഓടിക്കരുത്. ട്രാഫിക് നിയമങ്ങളെ പറ്റിയും വാഹനാപകടങ്ങൾ സംഭവിച്ചാൽ എന്ത് ചെയ്യണമെന്നും വാഹനം ഓടിക്കുന്നവർ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.

ഇന്നലെ രാവിലെ 10ന് ചവറശങ്കരമംഗലം സിദ്ധാർത്ഥ സെൻട്രൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ അക്കാഡമിക് ഡയറക്ടർ എൻ.ബാബു അദ്ധ്യക്ഷനായി.

കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, സ്‌കൂൾ വൈസ് പ്രിൻസിപ്പൽ രമ്യ മനോജ് എന്നിവർ സംസാരിച്ചു.

സ്‌കൂൾ മാനേജർ സാബു എസ്.അംബര സ്വാഗതവും കേരളകൗമുദി ചവറ ലേഖകൻ ബിനു പള്ളിക്കോടി നന്ദിയും പറഞ്ഞു.