കൊല്ലം: നവകേരള സദസിനെ വരവേൽക്കാൻ ഇരവിപുരം മണ്ഡലത്തിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി സംഘാടകസമിതി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20ന് രാവിലെ 11ന് കന്റോൺമെന്റ് മൈതാനത്താണ് സദസ് ഒരുങ്ങുന്നത്.
നിവേദനങ്ങളും പരാതികളും നൽകാനായി 21 കൗണ്ടറുകൾ സജ്ജീകരിക്കും. രാവിലെ എട്ട് മുതൽ നിവേദനങ്ങൾ നൽകാം. കൗണ്ടറുകളിലെത്തുന്നവർക്ക് ലഘുഭക്ഷണം, വൈദ്യ സഹായം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സദസിൽ 8000 പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇരവിപുരം മണ്ഡലത്തെ 10 മേഖലകളായി തിരിച്ചാണ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയത്. മണ്ഡലത്തിലെ 159 ബൂത്തിലായി 800ൽ പരം വീട്ടുമുറ്റ കൂട്ടായ്മകൾ സംഘടിപ്പിച്ചു.
പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്ന് സാന്താക്ലോസ് പര്യടനം നടത്തും.
നവകേരള സദസ് നടക്കുന്ന 20ന് രാവിലെ 9.30 മുതൽ ചലച്ചിത്ര പിന്നണി ഗായകരായ കുഞ്ഞുമോൻ തോമസും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീതം, കല്ലറ ഗോപൻ, രാജലക്ഷ്മി, നാരായണി, ബിജോയ് എന്നിവർ നയിക്കുന്ന ഗാനവിരുന്ന് എന്നിവ നടക്കും.
സംഘാടകസമിതി ചെയർമാൻ എം നൗഷാദ് എം.എൽ.എ, വൈസ് ചെയർമാൻമാരായ എക്‌സ്. ഏണസ്റ്റ്, എ. ബിജു, കൺവീനർ പി ജെ. ആമിന, ജോയിന്റ് കൺവീനർ എസ് പ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.