
കൊല്ലം: ജില്ലയിൽ വിവിധ ഇടങ്ങളിൽ നിന്ന് ചന്ദനമരങ്ങൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായവർക്ക് സഹായം ചെയ്തയാൾ പിടിയിൽ. കൊറ്റങ്കര, മനകര തൊടിയിൽ ആദർശ് ഭവനിൽ സജിയാണ് (56) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാൾ. പാരിപ്പള്ളി, മീനമ്പലത്ത് ഹരിനന്ദനം വീടിന്റെ മുന്നിൽ നിന്നിരുന്ന ചന്ദനമരം മോഷ്ടിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പങ്ക് തെളിഞ്ഞത്.
ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി രജിസ്റ്റർ ചെയ്ത ചന്ദനമര മോഷണ കേസുകളിലെ പ്രതികളെ കൊട്ടിയത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് പിടികൂടിയിരുന്നു.
പ്രതികൾക്ക് മോഷണം നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്ത കുറ്റത്തിനാണ് സജിയെ പൊലീസ് പിടികൂടിയത്. പാരിപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.