ee
തേവള്ളി പാലത്തിലെ ലൈറ്റുകൾ പ്രകാശിച്ചപ്പോൾ

കൊല്ലം: ഇരുട്ടിലാണ്ട തേവള്ളി പാലത്തിലെ തെരുവ് വിളക്കുകൾ കോർപ്പറേഷൻ അധികൃതർ പ്രകാശിപ്പിച്ചു. ഓലയിൽ കെ.എസ്.ഇ.ബി സെക്ഷനിൽ നിന്നു വൈദ്യുതി എത്തി​ച്ചാണ് പ്രശ്നം പരി​ഹരി​ച്ചത്. പാലത്തിലെ വിളക്കുകൾ പ്രകാശിക്കാത്തതിനെക്കുറിച്ച് 'കേരളകൗമുദി' 13ന് നൽകിയ വാർത്തയെ തുടർന്നാണ് കോർപ്പറേഷന്റെ അടി​യന്തി​ര ഇടപെടൽ ഉണ്ടായത്.

കൊല്ലത്തെ നവകേരള സദസിന് ശേഷം പാലത്തിലെ തെരുവ് വിളക്കുകൾ സ്ഥി​രമായി​ പ്രകാശിപ്പിക്കാനുള്ള കരാറിന്റെ ടെൻഡർ നടപടികൾ സ്വീകരിക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. അതുവരെ താത്കാലിക സംവിധാനമെന്നോണം കോർപ്പറേഷൻ നേരിട്ടായിരിക്കും വിളക്കുകൾ പ്രകാശിപ്പിക്കുന്നത്. കോർപ്പറേഷൻ പരിധിയിലെ എല്ലാ പാലങ്ങളിലും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ കരാർ നൽകും.

അണഞ്ഞും തെളി​ഞ്ഞും മാസങ്ങളായി​ നാട്ടുകാരെയും യാത്രക്കാരെയു ഒരുപോലെ വട്ടം ചുറ്റിക്കുകയായിരുന്നു പാലത്തിലെ വിളക്കുകൾ. പ്രതിഷേധങ്ങളും വാർത്തകളും ഉണ്ടാവുമ്പോൾ ചെറുതായി​ അറ്റകുറ്റപ്പണി നടത്തി ഇടയ്ക്കൊന്ന് പ്രകാശിപ്പിക്കും. എല്ലാം തണുക്കുമ്പോൾ പിന്നെയും ആഴ്ചകളോളം പ്രകാശിക്കതിരിക്കും. 19 വൈദ്യുതി വിളക്കുകളാണ് പാലത്തിന്റെ ഇരു വശങ്ങളിലുമായുള്ളത്. നവംബർ 18 നാണ് അവസാനമായി വി​ളക്കുകൾ പ്രകാശിച്ചത്. ഇതിനിടെ, വിളക്കുകൾ തെളിയിക്കാൻ കരാർ എടുത്ത പരസ്യ ഏജൻസിയുടെ കരാർ കാലാവധി കഴിയുകയും ചെയ്തു.

നായ ഭീഷണി​, മാലി​ന്യം തള്ളൽ

കോർപ്പറേഷനിലെ 5 ഡിവിഷനുകളിലെയും രണ്ട് പഞ്ചായത്തിലെയും ജനങ്ങൾ നഗരത്തിലെത്താൻ ആശ്രയിക്കുന്ന തേവള്ളി പാലം ഇരുട്ടി​ലാവുന്നത് കാൽനട യാത്രികർക്കും ഇരുചക്ര വാഹന യാത്രികർക്കും ഒരേപോലെ ഭീഷണിയായിരുന്നു. ഇരുട്ടിൽ തെരുവ് നായ്ക്കൾ ഇരുചക്രവാഹനങ്ങൾക്ക് മുന്നിലേക്ക് ചാടുന്നത് മൂലമുണ്ടാകുന്ന അപകങ്ങളും പതിവായി. സമീപത്തെ പള്ളിയിലെത്തി മടങ്ങിപ്പോകുന്നവർ പാലത്തി​ലങ്ങടെ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിലാണ് പലപ്പോഴും അപ്പുറമി​പ്പുറം കടക്കുന്നത്. പ്രഭാത സവാരിക്കും മറ്റും പാലത്തിലെത്തുന്നവരും മതിയായ വെളിച്ചമില്ലാതെ ബുദ്ധിമുട്ടുകയാണ്.രാത്രി​​യി​ൽ അറവുമാല്യം ഉൾപ്പെടെയുള്ളവ ഇവിടെ തള്ളുന്നതും വർദ്ധി​ച്ചി​ട്ടുണ്ട്.