 
ആലപ്പാട്: നവകേരള സദസിന്റെ പ്രചരണാർത്ഥം ആലപ്പാട് പഞ്ചായത്ത് തല സംഘാടകസമിതിയുടെ നേതൃത്വത്തിൽ ടി.എസ്.കനാലിൽ ജല ഘോഷയാത്ര സംഘടിപ്പിച്ചു. മുത്തുക്കുടകളും വൈദ്യുതി ദീപാലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ച ജങ്കാറും മറ്റ് മത്സ്യബന്ധന യാനങ്ങളും സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിവരിക്കുന്ന എൽ.ഇ.ഡി വാളും ഉൾപ്പെടെ അണിനിരന്ന ജല ഘോഷയാത്ര ഇരുകരകളിലും കാഴ്ചക്കാരായി എത്തിയവർക്ക് വേറിട്ട കാഴ്ചാനുഭവമായി. അഴീക്കൽ പൊഴി മുഖത്തുനിന്ന് ആരംഭിച്ച ജല ഘോഷയാത്ര ടി.എസ് കനാലിലൂടെ വെള്ളനാതുരുത്തിൽ സമാപിച്ചു. എ.എം.ആരിഫ് എം.പി അഴീക്കൽ ജല ഘോഷയാത്ര ഫ്ലാഗ് ഒഫ് ചെയ്തു. പഞ്ചായത്ത് തല സംഘാടകസമിതി ചെയർമാൻ പി.ലിജു അദ്ധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ബി.രേഖ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വസന്താ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, നിഷ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.രാജീവ്, നിഷ, ഷേർളി ശ്രീകുമാർ, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ജയപ്രകാശ്, മത്സ്യഫെഡ് ഭരണസമിതി അംഗം ജി.രാജദാസ്, ശ്യാംകുമാർ, പ്രേംകുമാർ, പ്രജിത്ത്, രമ്യ, സുജിമോൾ, അഭിലാഷ്, എം.ബി.സഞ്ജീവ്, ബിജിമോൾ തുടങ്ങിയവർ പങ്കെടുത്തു.