കുണ്ടറ: മണ്ഡലത്തിലെ വികസന ആവശ്യകതകൾ വ്യക്തമാക്കുന്ന നിവേദനം നവകേരള സദസിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നു സ്വാഗത സംഘം അദ്ധ്യക്ഷ ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ മാത്രമാണ് കുണ്ടറയ്ക്ക് ആശ്വാസം നൽകുന്നത്. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങൾ രണ്ടാം ഭരണത്തിലും വികസനക്കുതിപ്പ് കൈവരിക്കുമ്പോൾ കുണ്ടറയിൽ അത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പുതിയ ജനപ്രതിനിധി കൂട്ടാക്കുന്നില്ല. പദ്ധതികളുടെ പൂർത്തീകരണം പോലും സാദ്ധ്യമാകാത്ത അവസ്ഥയാണുള്ളത്.
കുണ്ടറയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി പള്ളിമുക്കിൽ അനുമതി ലഭിച്ച റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉടമകളുമായി മൂന്ന് ഘട്ടങ്ങളിൽ ചർച്ച നടത്തിയിരുന്നു. പിന്നീട് രണ്ടര വർഷം പിന്നിടുമ്പോഴും എം.എൽ.എ ഇക്കാര്യത്തിൽ ചെറുവിരൽ പോലും അനക്കിയിട്ടില്ല. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ അനുബന്ധമായി കുണ്ടറ, കൊറ്റങ്കര, പെരിനാട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 50 കോടിയുടെ സബ് പ്രോജക്ടുകൾക്കാണ് തുടക്കം കുറിച്ചത്. ഇതിനായി ടാങ്കുകൾ നിർമ്മിക്കാൻ രണ്ട് ഇടങ്ങളിൽ നടപടികൾക്ക് പ്രാരംഭം കുറിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നിശ്ചലാവസ്ഥയിലാണ്. കുടിവെള്ളത്തിനും യാത്രാ ദുരിതം പരിഹരിക്കാനും ആവിഷ്കരിച്ച നടപടികൾക്കും തുടർച്ച ഉണ്ടായിട്ടില്ലെന്ന് മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള, സെക്രട്ടറി വിജയൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ, സി. സന്തോഷ്, സി.എം. സെയ്ഫുദീൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.