കരുനാഗപ്പള്ളി: എല്ലാവരുടെയും ദാസനും ആചാര്യന്മാർക്ക് ഉപദേശകനും ആയതുകൊണ്ടാണ് ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികൾ മഹാഗുരുവായി മാറിയതെന്ന് കരിമ്പിൻപുഴ ആശ്രമം മഠാധിപതി സ്വാമി ആത്മാനന്ദ പറഞ്ഞു. മഹാഗുരു വർഷത്തിന്റെ ഭാഗമായി പന്മന ആശ്രമത്തിൽ നടന്ന സത്സംഗ പരമ്പരയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വഗുരുവായ സ്വാമി വിവേകാനന്ദൻ 1892ൽ കേരളത്തിലെത്തിയപ്പോൾ ഇവിടെ നിരവധി ആചാര്യന്മാർ ഉണ്ടായിരുന്നെങ്കിലും മഹാഗുരുവിന്റെ ചിന്മുദ്രോപദേശമാണ് സ്വീകരിച്ചത്. കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചപ്പോഴും അപൂർവ വ്യക്തിത്വമായി ചട്ടമ്പിസ്വാമിയെ വാഴ്ത്തി. സ്വാമിയുടെ സർവജ്ഞത്വമാണ് വിവേകാനന്ദനെ ആകർഷിച്ചതെന്നും ആത്മാനന്ദ പറഞ്ഞു. സ്വാമി നിത്യ സ്വരൂപാനന്ദ, സ്വാമി ഭാഗ്യാനന്ദ ഗിരി എന്നിവർ സംസാരിച്ചു. മുടിവച്ചഴികത്ത് രാധാകൃഷ്ണപിള്ള മഹാഗുരു സന്ദേശം അവതരിപ്പിച്ചു.