കൊല്ലം: കെ.എം.എം.എല്ലിന് എതിരെ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും ഏറ്റവും മികവോടെ മുന്നേറുന്ന പൊതുമേഖലാ സ്ഥാപനത്തെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് അറിയിച്ചു.
ടൈറ്റാനിയം ഡയോക്സൈഡ് വിപണിയിൽ ചൈനയിൽ നിന്നുള്ള വലിയ കടന്നുകയറ്റം ലോക വിപണിയെ ബാധിച്ചിട്ടുണ്ട്. ഇത് മറികടക്കാൻ വ്യക്തമായ പദ്ധതികൾ തയ്യാറാക്കിയാണ് കെ.എം.എം.എൽ മുന്നോട്ട് പോകുന്നത്.
ഈ മാസം ഇതുവരെ 1500 ടണ്ണിന് മുകളിലാണ് വിപണനം. 3000 ടൺ വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം 2500 ടൺ വിൽപ്പന നടത്തിയിരുന്നു. മാർച്ചോടെ സ്റ്റോക്ക് ലിക്വിഡേറ്റ് ചെയ്യാനുള്ള നടപടികൾ മാനേജ്മന്റ് സ്വീകരിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തീരുന്നതോടെ നിലവിലുള്ള സ്റ്റോക്ക് 5000ൽ താഴെയെത്തും.
ചവറ നിയോജക മണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ട് അരക്കോടി രുപ നൽകിയെന്നതും വസ്തുതയില്ലാത്തതാണ്. സർക്കാർ പരിപാടിയായ നവകേരള സദസിനെതിരെ നടത്തുന്ന കുപ്രചാരണത്തിന്റെ ഭാഗമായുള്ളതാണ് ഇതെന്നും മാനേജിംഗ് ഡയറക്ടർ പറഞ്ഞു.
മിനറൽ സെപ്പറേഷൻ യൂണിറ്റ് എക്കാലത്തെയും മികച്ച ലാഭത്തിലാണ്. ചൈനയിൽ നിന്നുള്ള വിലകുറഞ്ഞ ടൈറ്റാനിയം ഡയോക്സൈഡ് അനിയന്ത്രിതമായി ഇന്ത്യൻ വിപണിയിൽ എത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അതിനെ മറികടക്കാൻ ഉത്പാദന ചെലവ് കുറക്കുന്നത് ഉൾപ്പെടെ വിവിധ നടപടികൾ സ്വീകരിച്ചാണ് കമ്പനി മുന്നോട്ടുപോകുന്നത്.
ഇതിന്റെ ഭാഗമായി സ്റ്റാൻഡാർഡ് അനുപാതത്തിൽ പ്ലാന്റുകളെല്ലാം പ്രവർത്തിപ്പിച്ചു. സെപ്തംബർ മുതൽ എല്ലാ മാസവും 3000 ടൺ ഉത്പാദനമാണ് നടത്തുന്നത്. വിവിധ നവീകരണ ആധുനീകരണ പദ്ധതികളും നടന്നുവരികയാണ്.
40 വർഷത്തോളം പഴക്കമുള്ള പ്ലാന്റുകളാണ് കമ്പനിയിലുള്ളത്. അവയ്ക്ക് കൃത്യസമയത്ത് മെയിന്റനൻസ് നടത്തുന്നത് ഒഴിച്ചുകൂടാനാവത്തതാണ്. ഈ സാഹചര്യത്തിൽ പ്ലാന്റുകൾ നിറുത്തിയാണ് അറ്റകുറ്റപ്പണികൾ നടത്താറുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്പാദനം കുറഞ്ഞത് ഈ സാഹചര്യത്തിലാണ്. ഒപ്പം അനിയന്ത്രിതമായ ഇറക്കുമതി നിയന്ത്രിക്കുന്നതിനും ഇറക്കുമതി തീരുവ കൂട്ടുന്നതിനുമായി കമ്പനിക്ക് വേണ്ടി തൊഴിലാളി യൂണിയൻ നേതാക്കൾ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ട് കണ്ടിരുന്നു.
കെ.എം.എം.എല്ലിന്റെ സുഗമമായ പ്രവർത്തനത്തിന് ഇത്തരത്തിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിയാണ് മാനേജ്മെന്റും ജീവനക്കാരും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റിന്
100 കോടിയുടെ കരാർ
ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റിൽ പത്ത് വർഷത്തോളമായി കെട്ടിക്കിടന്ന ഗ്രേഡ് 2, ഗ്രേഡ് 3, സ്പോഞ്ച് മെറ്റൽ ഇന്ത്യൻ നേവിക്ക് നൽകാൻ 100 കോടി രൂപയുടെ കരാറായത് വഴി ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റും ഇത്തവണ ലാഭത്തിലാണ്. പ്ലാന്റിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ എട്ട് റിയാക്ടറുകൾക്ക് ഓർഡർ നൽകിക്കഴിഞ്ഞു. നാല് ഡോമുകൾ വാങ്ങിച്ച് ഉത്പാദനം കൂട്ടാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഇല്ലാത്ത ആശങ്ക സൃഷ്ടിച്ച് കമ്പനിയുടെ നല്ലരീതിയിലുള്ള പ്രവർത്തനത്തെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമമാണ് വ്യാജവാത്തകൾക്ക് പിന്നിൽ.
ജെ.ചന്ദ്രബോസ്, മാനേജിംഗ് ഡയറക്ടർ
കെ.എം.എം.എൽ