photo
ഇന്ന് പുനലൂരിൽ എത്തുന്ന നവകേരള സദസിന്റെ മുന്നോടിയായി വലിയ ബസ് ഉപയോഗിച്ച് മാർക്കറ്റ്-മരുതമൺ റോഡിൽ ട്രയൽ റൺ നടത്തുന്നു

പുനലൂർ: നവകേരള സദസിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 3ന് പുനലൂരിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കാൽ ലക്ഷം പേർ വരവേൽക്കും. നഗരസഭയുടെ ചെമ്മന്തൂർ മൈതാനിയിൽ പ്രത്യേകം തയ്യറാക്കിയ കൂറ്റൻ പന്തലിലെത്തുന്ന മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. ഇതിനുള്ള ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കിയെന്ന് സംഘാടക സമിതി ചെയർമാൻ പി.എസ്.സുപാൽ എം.എൽ.എ, കൺവീനറും പുനലൂർ ആർ.ഡി.ഓയുമായ ബി.ശശികുമാർ എന്നിവർ അറിയിച്ചു.സദസിൽ ജനങ്ങളെ പങ്കെടുപ്പിക്കാൻ 2000 വീട്ടു മുറ്റ യോഗങ്ങളും അയൽകൂട്ടങ്ങളും വിളംബര ജാഥകളും ലഘുലേഖ വിതരണങ്ങളും വിവിധ സെമനാറുകളും നടത്തി. വേദിക്ക് സമീപത്തായി പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകളും സജ്ജമാക്കും. ഭിന്നശേഷിക്കാൻ ,മുതിർന്ന പൗരൻമാർ തുടങ്ങിയവർക്കായി ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. പരിപാടിയുടെ മുന്നോടിയായി പുനലൂരിൽ ട്രയൽ റൺ നടത്തി. വലിയ ബസുമായി പൊലീസ് മാർക്കറ്റ് -മരുതമൺ റോഡിലാണ് ട്രയൽ റൺ നടത്തിയത്. 400 മീറ്റർ ദൂരത്തെ ടി.ബിയിലും വേദിയായ ചെമ്മന്തൂർ മൈതാനിയിലുമെത്തി സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തിയിരുന്നു.