 ആദ്യം പത്തനാപുരത്ത്

കൊല്ലം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങൾ ജന സമക്ഷത്തേക്ക് എത്തുന്ന നവകേരള സദസിന് ഇന്ന് ജില്ലയിൽ തുടക്കമാകും. രാവിലെ 9ന് കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ ക്ഷണിക്കപ്പെട്ടവരുമായി പ്രഭാതയോഗം ചേരും. തുടർന്ന് വാർത്ത സമ്മേളനം. 11ന് പത്തനാപുരം എൻ.എസ്.എസ് ഗ്രൗണ്ടിലാണ് ജില്ലയിലെ ആദ്യ സദസ്. വൈകിട്ട് 3ന് പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലും 4.30ന് കൊട്ടാരക്കര ജൂബിലി മന്ദിരത്തിലും സദസ് നടക്കും. വൈകിട്ട് 6ന് ചക്കുവള്ളി ദേവസ്വം ബോർഡ് സ്‌കൂളിന് സമീപമുള്ള പഴയ കശുഅണ്ടി ഫാക്ടറി പരിസരത്താണ് ആദ്യദിനത്തിലെ അവസാന സദസ്.

നാളെ രാവിലെ 9ന് ക്ഷണിക്കപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ പ്രഭാത യോഗം കൊല്ലം ബീച്ച് ഹോട്ടലിൽ നടക്കും. തുടർന്ന് വാർത്താ സമ്മേളനം. 11ന് കരുനാഗപ്പള്ളി എച്ച് ആൻഡ് ജെ മാൾ ഗ്രൗണ്ടിൽ ആദ്യ സദസ്. ചവറ കെ.എം.എൽ ഗ്രൗണ്ടിൽ വൈകിട്ട് 3നാണ് സദസ്. കുണ്ടറയിലെ സദസ് വൈകിട്ട് 4ന് കുണ്ടറ സെറാമിക്‌സ് ഗ്രൗണ്ടിൽ നടക്കും. രണ്ടാം ദിവസത്തെ അവസാന സദസ് ആശ്രാമം പ്രശാന്തി ഗാർഡൻസ് ഗ്രൗണ്ടിൽ നടക്കും.

മൂന്നാം ദിവസമായ 20ന് രാവിലെ ബീച്ച് ഹോട്ടലിൽ ക്യാബിനറ്റ് യോഗം ചേരും. 11ന് കന്റോൺമെന്റ് മൈതാനത്താണ് ആദ്യ സദസ്. കടയ്ക്കലിൽ വൈകിട്ട് 3നാണ് സദസ്. 4 30ന് ചാത്തന്നൂർ സ്പിന്നിംഗ് മിൽ ഗ്രൗണ്ടലാണ് ജില്ലയിലെ അവസാന സദസ്.

പരാതികൾ നൽകാൻ വിപുലമായ സൗകര്യം

പൊതുജനത്തിന് പരാതികൾ നൽകാൻ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഭിന്നശേഷിക്കാർക്ക് നിവേദനങ്ങൾ സമർപ്പിക്കാനും കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. അഗ്‌നി സുരക്ഷ, പൊലീസ്, ആരോഗ്യ സംവിധാനങ്ങൾ തുടങ്ങി അവശ്യ സേവനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വേദികൾക്ക് സമീപം വാഹന കുരുക്കില്ലാത്ത വിധമുള്ള ക്രമീകരണങ്ങളാകും ഒരുക്കുക.