 
കൊല്ലം: കശുഅണ്ടിയുടെ നാടായ കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കശുഅണ്ടിയിൽ തീർത്ത് ആദരവൊരുക്കി കലാകാരനായ ഡാവിഞ്ചി സുരേഷ്.
നവകേരള സദസിന് മുന്നോടിയായി കൊല്ലം ബീച്ചിലാണ് 30 അടി നീളത്തിലും 24 അടി വീതിയിലുമുള്ള മുഖ്യമന്ത്രിയുടെ ഭീമൻ ചിത്രം തീർത്തത്. കശുഅണ്ടി വികസന കോർപ്പറേഷൻ, കാപ്പെക്സ്, കേരള കാഷ്യുബോർഡ്, കെ.സി.ഡബ്ല്യു.ആർ ആൻഡ് ഡബ്ല്യു.എഫ്.ബി, കെ.എസ്.സി.എ.സി.സി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
വിവിധ ഷെയ്ഡിലുള്ള നിറങ്ങൾക്കായി വിവിധ തരത്തിൽ പാകം ചെയ്ത പതിന്നാലോളം നിറങ്ങളിലുള്ള കശുഅണ്ടി പരിപ്പുകളാണ് ഉപയോഗിച്ചത്. പശ്ചാത്തലമായി പൊളിക്കാത്ത കശുഅണ്ടികളും ഉപയോഗിച്ചിട്ടുണ്ട്. കറുത്ത നിറത്തിന് ചുട്ട കശുഅണ്ടിയുടെ തോട് വേണ്ടിവന്നു.
ഇന്നലെ രാവിലെ 8ന് തുടങ്ങിയ ചിത്രം തീർക്കൽ അവസാനിച്ചത് വൈകിട്ട് 4.30 ഓടെയാണ്. മണ്ണിൽ തട്ടടിച്ച് അതിന് മുകളിൽ കാർപ്പെറ്റും തുണിയും വിരിച്ചാണ് ക്യാൻവാസ് തയ്യാറാക്കിയത്. സഹായികളായി സുരേഷിന്റെ മകൻ ഇന്ദ്രജിത്തും ക്യാമറമാനായ സിംബാദും സഹപ്രവർത്തകരായ സന്ദീപും ഫെബിയും ഉണ്ടായിരുന്നു.
എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.ആർ.സാബു, സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വരയും വർണവും വ്യത്യസ്ത മദ്ധ്യമങ്ങളിൽ
നവകേരള സദസിന്റെ ഭാഗമായി തൃശൂർ ചാവക്കാട് മത്സ്യം കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഡാവിഞ്ചി സുരേഷ് തീരത്തിരുന്നു. വിവിധ മാദ്ധ്യമങ്ങൾ കൊണ്ട് പ്രമുഖരുടെ ചിത്രം തിർക്കുന്നതിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 94-ാം മാദ്ധ്യമമായാണ് കശുഅണ്ടി ഉപയോഗിച്ചത്. ഇതിന് മുമ്പ് ബലൂണുകൾ കൊണ്ട് ഗാന്ധിജി, ഡ്രൈ ഫ്ളവറുകൾ കൊണ്ട് ഉമ്മൻ ചാണ്ടി, മൊബൈൽ ഫോൺ കൊണ്ട് മമ്മുട്ടി, പാത്രങ്ങൾ കൊണ്ട് മോഹൻലാൽ, വിറക് കൊണ്ട് പൃഥ്വിരാജ്, ബുക്കുകൾ കൊണ്ട് ഷാർജ രാജാവിന്റെ ചിത്രം എന്നിവയെല്ലാം ഡാവിഞ്ചി സുരേഷ് ഒരുക്കിയിട്ടുണ്ട്.
കശുഅണ്ടി പരിപ്പിന് വേണ്ടിവന്നത് ₹ 2 ലക്ഷം
മഴ വെല്ലുവിളിയായെങ്കിലും നല്ല രീതിയിൽ ചിത്രം പൂർത്തിയാക്കാൻ സാധിച്ചു.
ഡാവിഞ്ചി സുരേഷ്