
കൊല്ലം: എമ്പ്രാന്റെ വെളിച്ചത്ത് വാര്യരുടെ അത്താഴമെന്ന് പറയുന്നത് പോലെയാണ് മുസ്ലീം ലീഗിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് ഫോറം സ്‌കൂൾ, കോളേജ് റീജിയണൽ കൗൺസിൽ (എസ്.സി.ആർ.സി) രൂപീകരണ യോഗവും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളിക്ക് യോഗം ആസ്ഥാനമന്ദിരത്തിലെ ധ്യാന ഹാളിൽ നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ സർക്കാർ ശക്തമായി മുന്നോട്ട് പോകുന്നു. മുസ്ലീം ലീഗ് കുറേ നാളുകളായി അധികാരമില്ലാതെ പുറത്ത് നിൽക്കുകയാണ്. ഇടത് സർക്കാരിന് മൂന്നാം ടേണും ഭരണം കിട്ടുമെന്ന തോന്നലിനെ തുടർന്നാണ്, ഇപ്പോൾ ലീഗ് മുട്ടി മുട്ടി അകത്ത് കയറാൻ ശ്രമിക്കുന്നത്. ഇനി ഭരണത്തിലിരിക്കാൻ ഒരവസരം ലഭിക്കില്ലെന്ന തോന്നലാണ് കാരണം.ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിൽ അംഗമായാലും ഇഷ്ടമുള്ള സംഘടനകളിൽ പ്രവർത്തിക്കാം. പുതുതായി രൂപീകരിച്ച എംപ്ലോയീസ് ഫോറത്തെ പലരും സംശയദൃഷ്ടിയോടെയാണ് കാണുന്നത്. അത് ശരിയല്ല. സ്ഥാപനത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനല്ലാതെ എംപ്ലോയീസ് ഫോറം എന്തെങ്കിലും പിടിച്ചെടുക്കാനോ ആരെയും തോൽപ്പിക്കാനോ ജയിപ്പിക്കാനോ ഉള്ളതല്ല. സമൂഹവും സമുദായവും സ്വയം നന്നാവാനുള്ള കർമ്മപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് എംപ്ലോയീസ് ഫോറത്തിന്റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി .ജയദേവൻ അദ്ധ്യക്ഷനായി. വെള്ളാപ്പള്ളി നടേശനെ എസ്.സി.ആർ.സി ഭാരവാഹികൾ ഹാരമണിയിച്ച് സ്വീകരിച്ചു. തിരുവനന്തപുരം, വർക്കല, കൊല്ലം റീജിയണുകളിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപകരും അനദ്ധ്യാപകരും അദ്ദേഹത്തെ ആദരിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രോ. വൈസ് ചാൻസലർ ഡോ. എസ്.വി.സുധീർ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ പി.സുന്ദരൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന കോ -ഓർഡിനേറ്റർ പി.വി.രജിമോൻ, എസ്.എൻ.ഇ.എഫ് സെക്രട്ടറി ഡോ.ശിൽപ്പ ശശാങ്കൻ എന്നിവർ സംസാരിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം ഇൻസ്റ്റിറ്റ്യൂഷൻ ഡിവിഷൻ കോർ കമ്മിറ്റി ഇൻചാർജ് ഡോ. എസ്.വിഷ്ണു സ്വാഗതവും മെമ്പർ ഡോ. എസ്.ഷീബ നന്ദിയും പറഞ്ഞു.