കൊല്ലം: ജനുവരി 4 മുതൽ 8 വരെ നടക്കുന്ന 62 -ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള കലോത്സവ പന്തലിന്റെ കാൽനാട്ട് കർമ്മം ഇന്ന് രാവിലെ 11ന് നടക്കും.

മുഖ്യവേദിയായ ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങ് കലോത്സവ സംഘാടക സമിതി വർക്കിംഗ് കമ്മിറ്റി ചെയർമാൻ എം.മുകേഷ് എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, പൊതു വിദ്യാഭ്യാസവകുപ്പ് അധികൃതർ, സംഘാടക സമിതി ഭാരവാഹികൾ, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. നഗരത്തിലെ വിവിധ ഭാഗങ്ങളിലായി 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.

കലോത്സവത്തിലെ ഭക്ഷണശാല ക്രേവൻ സ്‌കൂളിലും സംഘാടക സമിതി ഓഫീസ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. കലോത്സവത്തിന്റെ പ്രചാരണാർത്ഥം വിവിധയിടങ്ങളിൽ പ്രചാരണ ബോർഡുകൾ സ്ഥാപിച്ച് തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു.