പോരുവഴി: കുന്നത്തൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ പോരുവഴി ചക്കുവള്ളിയിൽ ഇന്ന് വൈകിട്ട് 6ന് എത്തുന്ന നവകേരള സദസിനെ വരവേൽക്കാൻ നാട് ഒരുങ്ങി. ചക്കുവള്ളി മലനട റൂട്ടിൽ ചക്കുവള്ളി ദേവസ്വം ബോർഡ് സെൻട്രൽ സ്കൂളിന് സമീപമുള്ള കശുഅണ്ടി ഫാക്ടറിക്ക് പടിഞ്ഞാറുവശത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സജ്ജീകരിച്ച വേദിയിലാണ് ജനകീയ മന്ത്രിസഭയ്ക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കിയിരിക്കുന്നത്.

നിവേദനങ്ങൾ വൈകിട്ട് മൂന്ന് മുതൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വീകരിക്കും. 21 കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് പഞ്ചായത്തുകൾ സംവദിക്കുന്ന ചക്കുവള്ളിയിൽ നവകേരള സദസ് എത്തുന്നത് ചരിത്രമാകും. നവകേരള സദസിൽ എത്തുന്നവർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ നേതൃത്വം നൽകുന്ന ഫുഡ് കോർട്ടുകളും ഉച്ചമുതൽ സജ്ജമാകും. സംഘാടക സമിതി ഭാരവാഹികളായ കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോൻ, മണ്ഡലം നോഡൽ ഓഫീസർ അനുകുമാരി, അഡ്വ. കെ.സോമപ്രസാദ്, എം.ശിവശങ്കരപ്പിള്ള, കെ.ശിവശങ്കരൻ നായർ, പി.ബി.സത്യദേവൻ, അൻസാർ ഷാബി, സാബു ചക്കുവള്ളി എന്നിവരും കൊല്ലം എ.ഡി.എം ബീന റാണി, കൊട്ടാരക്കര റൂറൽ എസ്.പി സാബു മാത്യു, ഡിവൈ.എസ്.പിമാരായ ഷെരീഫ്, മാർട്ടിൻ, ജോ. ആർ.ടി.ഒ ശരത്ത് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ഗംഗാധര കുറുപ്പ്, കുന്നത്തൂർ ഏരിയ സെക്രട്ടറി ടി.ആർ.ശങ്കരപ്പിള്ള, ശൂരനാട് ഏരിയ സെന്റർ അംഗം ബി.ബിനീഷ്, എരിയാ കമ്മിറ്റി അംഗങ്ങളായ അക്കരയിൽ ഹുസൈൻ, ശിവപ്രസാദ്, എം.മനു, പ്രതാപൻ എന്നിവരുടെ നേതൃത്വത്തിൽ നിയമസഭാ സാമാജികരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.