pic

കൊല്ലം: മുഖ്യമന്ത്രി​ക്കെതി​രായ കരി​ങ്കൊടി​ പ്രയോഗത്തി​ന് നേർക്ക് പൊലീസ് കയർക്കുന്നതി​ൽ പ്രതി​ഷേധി​ച്ച് തലവൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാലുംമൂട് വാർഡ് ബി.ജെ.പി അംഗം സി.രഞ്ജിത്ത് ദേഹമാസകലം വെള്ളപൂശി​ തന്റെ പ്രതി​ഷേധം വേറി​ട്ടതാക്കി​.

മുഖ്യമന്ത്രി തന്റെ ജംഗ്ഷനിൽ ഇറങ്ങിയാൽ ഇരിക്കാനുള്ള വെളുത്ത പെയിന്റടിച്ച കസേരയും ഒപ്പം കരുതിയിരുന്നു. അമേരിക്കയിൽ മുഖ്യമന്ത്രി​ പങ്കെടുത്ത ചടങ്ങിൽ വേദിയിൽ ഇരിക്കാനുപയോഗിച്ചതായി പ്രചരിച്ച കസേരയുടെ മാതൃകയിലുള്ളതാണിത്. കൊട്ടാരക്കരയിലെ വാർത്താ സമ്മേളനവും പ്രഭാതയോഗവും കഴിഞ്ഞ് മുഖ്യമന്ത്രിയടക്കമുള്ള സംഘം ജില്ലയി​ലെ ആദ്യ നവകേരള സദസിനായി പത്തനാപുരത്തേക്ക് പോയത് തലവൂർ രണ്ടാലുമൂട് ജംഗ്ഷൻ വഴിയായി​രുന്നു. ശരീരമാസകലം വെളുത്ത പെയിന്റടിച്ച ശേഷം ര‌ഞ്‌ജിത്ത് രാവിലെ 7ന് രണ്ടാലുംമൂട് ജംഗ്ഷനിൽ നിലയുറപ്പിച്ചു. കറുപ്പാണ് മുഖ്യന്റെ പ്രശ്നമെന്നും തന്റെ നിറവും കറുപ്പാണെന്നും അതൊഴിവാക്കാനാണ് വെളുത്ത പെയിന്റടിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനം രണ്ടാലുംമൂട് ജംഗ്ഷൻ കടന്നുപോകുന്നതിന് മുമ്പ് തന്നെ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി.

തന്റെ വാർഡിൽ അ‌ടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് വാർഡിലെ കുടുംബങ്ങളുടെ ഒൻപതിനായിരത്തോളം രൂപയുടെ വൈദ്യുതി ബിൽ നാണയത്തുട്ടുകളായി ചാക്കിലാക്കി കെ.എസ്.ഇ.ബി ഓഫീസിൽ എത്തിച്ച രഞ്ജിത്തിന്റെ പ്രതിഷേധം മാദ്ധ്യമശ്രദ്ധ നേടിയിരുന്നു.