കൊല്ലം: അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ആശ്രാമം, മതിലിൽ കടവ്, തേവള്ളി, തോപ്പിൽകടവ് തുടങ്ങിയ ഭാഗങ്ങളിലാണ് കഴിഞ്ഞദിവസം പുലർച്ചയോടെ കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയത്.
കടലിൽ വട്ടമത്തിയെന്നും കായലിൽ ഞുണ്ണയെന്നും അറിയപ്പെടുന്ന ഇനം മത്സ്യമാണ് ചത്തുപൊങ്ങിയത്. വേലിയേറ്റ സമയത്ത് കടലിൽ നിന്ന് കായലിലേക്ക് സാധാരണയായി മത്സ്യങ്ങൾ കയറാറുണ്ട്. ഈ സമയം കായലിലെ ഉപ്പിന്റെ അളവ് പെട്ടെന്ന് കുറയുന്നതാണ് മത്സ്യങ്ങൾ ചാകാൻ കാരണമെന്നാണ് ജില്ലാ ഫിഷറീസ് അധികൃതർ പറയുന്നത്. എല്ലാവർഷവും ഇത്തരം പ്രതിഭാസം ഉണ്ടാകാറുണ്ട്. 35 പി.പി.ടിയാണ് (പാർസ് പെര തൗസന്റ്) കടലിലെ ഉപ്പിന്റെ അളവ്. കായലിലേത് 30, 25 പി.പി.ടിയും. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കായലിലെ ഉപ്പിന്റെ അളവ് 15 പി.പി.ടിയായതാകാം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്നാണ് ഫിഷറീസ് അധികൃതർ പറയുന്നത്. കായലിലെ ജലത്തിന് നിറ വ്യത്യാസവും ഉണ്ടായിട്ടുണ്ട്.
വില്ലൻ രാസവസ്തുക്കൾ കലർന്ന കക്കൂസ് മാലിന്യം
ചത്തുപൊങ്ങിയ ഞുണ്ണ മത്സ്യം കായലിന്റെ ഇടനീറ്റിലും ഉപരിതലത്തിലും കാണപ്പെടുന്നവയാണ്
മലിനജലം കായലിൽ ഒഴുക്കിയാൽ ഏറ്റവുമധികം ബാധിക്കുന്നതും ഈ ഇനത്തിൽ പെട്ട മത്സ്യങ്ങളെയാണ്
രാസവസ്തുക്കൾ കലർന്ന കക്കൂസ് മാലിന്യം കലർന്നതായി സംശയം
പുലർച്ചെ അഞ്ച് മുതലാണ് ചത്ത മത്സ്യങ്ങൾ ഒഴുകിയെത്തിയത്
കായലിൽ ദുർഗന്ധം പരന്നുതുടങ്ങി
പക്ഷികൾ ചത്ത മത്സ്യം കൊത്തിയെടുത്ത് സമീപത്തെ കിണറ്റിലും മറ്റും ഇടുന്നത് വെല്ലുവിളിയാണ്
ഉപ്പിന്റെ അളവിലുണ്ടായ വ്യതിയാനം മൂലം കായലിലെ ആൽഗകൾ നശിച്ചതാകാം വെള്ളത്തിന് നിറവ്യത്യാസം ഉണ്ടായതെന്ന് സംശയിക്കുന്നു. ജലം വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഫിഷറീസ് വകുപ്പ് അധികൃതർ
കണ്ടച്ചിറ, മങ്ങാട്, അഞ്ചാലുംമൂട് റോഡ് കടവ്, മുട്ടത്തുമൂല കടത്തുകടവ് എന്നിടങ്ങളിലും രാസവസ്തുക്കൾ കലർത്തിയ കക്കൂസ് മാലിന്യം തള്ളുന്നതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണം.
മത്സ്യത്തൊഴിലാളികൾ