പടിഞ്ഞാറെ കല്ലട: കടപുഴ കല്ലട വലിയ പള്ളിയിലെ ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ഏതാനും ചില സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണത്തിൽ പള്ളി സെക്രട്ടറി വലിയപാടം കോയിക്കൽ വീട്ടിൽ കെ.വി. എബ്രഹാമിന് പരിക്കേറ്റു.കഴിഞ്ഞദിവസം രാത്രി 9.40 നായിരുന്നു സംഭവം. കടപുഴ വലിയ പള്ളിയിൽ നിന്നുള്ള കരോൾ സംഘം വലിയ പാടം വാർഡിലെ വീടുകളിൽ പോകുന്ന വഴി സ്കൂട്ടറിൽ വന്ന മൂന്നുപേ‌ർ ഇവരെ അസഭ്യം പറയുകയും പരിപാടി കഴിഞ്ഞ് തിരികെ സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്ന എബ്രഹാമിനെ ചവിട്ടി താഴെയിടുകയും മുഖത്തും ദേഹത്തും പരിക്കേൽപ്പിക്കുകയും ചെയ്തു. ബഹളം കേട്ട് പ്രദേശവാസികളും കരോൾ സംഘത്തിലുള്ളവരും ഓടിയെത്തിയപ്പോൾ ബോധരഹിതനായി കിടന്ന എബ്രഹാമിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി ശാസ്താംകോട്ട പൊലീസ് സബ് ഇൻസ്പെക്ടർ ഷാനവാസ് പറഞ്ഞു.