
കൊട്ടാരക്കര: നവകേരള സദസിനായി കൊട്ടാരക്കരയിലെത്തിയ മന്ത്രിമാർ കാലിക്കറ്റ് സർവകലാശാലയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണറെ രൂക്ഷമായി വിമർശിച്ചു.
ഒരുനിമിഷം പോലും ചാൻസലർ പദവിയിൽ തുടരാൻ അർഹനല്ലെന്ന് കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിലൂടെ വ്യക്തമായെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാൻ നിയമസഭ പാസാക്കിയ ബില്ല് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ബില്ലിൽ ഒപ്പിടാത്തത് കൊണ്ടാണ് ഗവർണർ തുടരുന്നത്. ആരിഫ് മുഹമ്മദ് ഖാൻ കടിച്ചുതൂങ്ങി ചാൻസലറാണ്.അപകടകരമായ നിശബ്ദതയാണ് പ്രതിപക്ഷം പുലർത്തുന്നത്.
കേന്ദ്രത്തിന് നാണക്കേട്: കെ.എൻ. ബാലഗോപാൽ
ഗവർണർ കേന്ദ്ര സർക്കാരിന് തന്നെ ലജ്ജാകരമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം പ്രശ്നങ്ങൾ സൃഷ്ടിച്ച് മാദ്ധ്യമങ്ങളിൽ നിറയാനാണ് ശ്രമിക്കുന്നത്.
അവഹേളനം: പി. പ്രസാദ്
കേരളത്തിന്റെ ജനാധിപത്യ സംസ്കാരത്തെ ഗവർണർ അവഹേളിക്കുകയാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഇഷ്ടമില്ലാത്ത സംസ്ഥാന ഭരണകൂടത്തെ കൈകാര്യം ചെയ്യാനുള്ള ഉപകരണമായി ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം പയോഗിക്കുകയാണ്. ഗവർണർ പദവി അനാവശ്യമാണെന്ന സി.പി.ഐ നിലപാട് ശരിയാണെന്ന് വീണ്ടും തെളിഞ്ഞു.
വിമോചന സമരനീക്കം: കെ. രാജൻ
ഗവർണർ വിമോചന സമരത്തിന് പുതിയ തിരക്കഥ രചിക്കുകയാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ മൗനം സംശയാസ്പദമാണ്.
കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ കാട്ടിക്കൂട്ടിയത് ഏകാധിപത്യമാണ്. ഗവർണർ തന്നെ അദ്ദേഹത്തിന് ലഭിക്കേണ്ട ബഹുമാനം നഷ്ടപ്പെടുത്തുകയാണ്.
കേന്ദ്ര ഏജൻസികൾക്ക് പകരം: എം.ബി. രാജേഷ്
സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ എല്ലാ ഏജൻസികളെയും ഉപയോഗിച്ച് പരിശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ കേന്ദ്ര സർക്കാർ ഗവർണറെ ഇറക്കിവിട്ടിരിക്കുകയാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഗവർണറെ നിയമിക്കാൻ അധികാരം നൽകുന്ന അതേ ഭരണഘടന തന്നെയാണ് പ്രതിഷേധിക്കാനുള്ള അവകാശവും നൽകുന്നത്.
ഗവർണർ നാടിനെ മുഴുവൻ ക്രിമിനൽസ് എന്ന് വിളിക്കുന്നു: ആർ.ബിന്ദു
ഗവർണർ നാടിനെ മുഴുവൻ ക്രിമിനൽസ് എന്ന് വിളിക്കുകയാണെന്ന് മന്ത്രി ആർ.ബിന്ദു കൊട്ടാരക്കരയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണർ ചാൻസലർ സ്ഥാനം ഉപയോഗിച്ച് കാലിക്കറ്റ് സർവകലാശാലയിൽ തമ്പടിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.
സർവകലാശാലകളിൽ കാവിവത്കരണം നടത്താൻ ബോധപൂർവമായ ശ്രമം നടക്കുമ്പോൾ എസ്.എഫ്.ഐ ഇടപെടണമല്ലോ. വിദ്യാർത്ഥികളുടെ സ്വാഭാവിക പ്രതിഷേധത്തെ പക്വതയോടെയാണ് ചാൻസലർ കാണേണ്ടത്. എന്നാലിവിടെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനു നേരെ കുട്ടികളെപ്പോലെ പ്രതികരിക്കുന്നു. വിദ്യാർത്ഥികളുടെ ഭാഷയിലാണോ ഒരു ഉത്തരവാദപ്പെട്ടയാൾ സംസാരിക്കേണ്ടത്. നിലവാരമില്ലാത്ത പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ചാൻസലർ എന്ന നിലയിൽ ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ല. കേരളത്തിലെ സർവകലാശാലകളെ സ്വേച്ഛാധിപത്യപരമായി കൈപ്പിടിയിലാക്കാമെന്നാണ് അദ്ദേഹം കരുതുന്നത്. ചാൻസലർ എന്ന ഉത്തരവാദിത്വം കേരള നിയമസഭയാണ് ഗവർണർക്ക് നൽകിയത്. അതിനെതിരെയുള്ള ബില്ല് നിയമസഭ തന്നെ പാസാക്കിയിട്ടുമുണ്ട്. ഇത് രാഷ്ട്രപതിക്ക് അയച്ച അനിശ്ചിതത്വം നിലനിൽക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചേ മതിയാകൂവെന്നും മന്ത്രി ബിന്ദു പറഞ്ഞു.