governer

കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെടേണ്ട സാഹചര്യമാണെന്നും ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരക്കരയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗവർണർ അസാധാരണമായ നടപടികളാണ് സ്വീകരിക്കുന്നത്. ഗവർണറുടെ പെരുമാറ്റം കേന്ദ്ര സർക്കാർ പരിശോധിക്കണം. ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാൾ പ്രതിഷേധിക്കുന്നവർക്കുനേരെ പാഞ്ഞടുക്കുകയെന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ ഇല്ലാത്തതാണ്.

തെറ്റായ രീതിയിൽ കാര്യങ്ങൾ വരുന്നുണ്ടെങ്കിൽ അത് നോക്കാനാണല്ലോ നിയമപരിപാലനത്തിനുള്ള ഉദ്യോഗസ്ഥരുള്ളത്.അദ്ദേഹം വ്യക്തിപരമായി ഇടപെടേണ്ട കാര്യം വരുന്നില്ല. എന്തും വിളിച്ചുപറയാവുന്ന മാനസികാവസ്ഥയിൽ അദ്ദേഹം എത്തി. അത് ശരിയായ രീതിയാണോ?.

വ്യക്തിപരമായി ആക്ഷേപിക്കുക മാത്രമല്ല, ഒരു നാടിനെത്തന്നെ ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന ബന്ധം കൂടുതൽ വഷളാവുക എന്നതല്ല ഉദ്ദേശ്യമെങ്കിൽ ഇത്തരം സമീപനങ്ങൾ തിരുത്താനുള്ള ഇടപെടലുകളുണ്ടാകണം. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്.

ഗവർണർ കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണം സംസ്ഥാന സർക്കാരിന് ഉന്നയിക്കേണ്ടി വരും.

ഭരണഘടനാ സംവിധാനത്തെ തകർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ അപമാനിക്കാനുള്ള ബാനറുകൾ വന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിലാണെന്നുമുള്ള ഗവർണറുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. അദ്ദേഹത്തിന് വേറെ എന്തോ ഉദ്ദേശ്യങ്ങളുണ്ട്. ആ ഉദ്ദേശ്യം വച്ച് നാട്ടിലാകെ വല്ലാത്ത അന്തരീക്ഷം വന്നിരിക്കുന്നുവെന്ന് പ്രതീതിയുണ്ടാക്കുക. ആ പ്രതീതി സൃഷ്ടിക്കാൻവേണ്ടി അദ്ദേഹം തന്നെ മുൻകൈയെടുക്കുന്നു. ഇത്തരം കാര്യങ്ങൾ കേന്ദ്രത്തിന്റെ ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട സമയമായിരിക്കുന്നു.

സംഘപരിവാറിന്റെ രാഷ്ട്രീയം നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാൻ പറ്റുന്നില്ല. അതു നടപ്പാക്കാൻ ഗവർണർ ഇടപെടുന്നു. സെനറ്റിന്റെ അധികാരം കൈക്കലാക്കാൻ നോക്കുന്നത് അതിന്റെ ഭാഗമാണ്. കാവിവത്കരിക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിച്ചപ്പോൾ ശക്തമായ പ്രതിഷേധം ഉടലെടുത്തു. ആ പ്രതിഷേധത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് യുവമോർച്ചയും യൂത്ത് കോൺഗ്രസും യോജിച്ച മനസോടെ ചില പ്രതിഷേധങ്ങൾ ഉയർത്തുന്നത്.

 ഗൺമാൻ ആക്രമിച്ചിട്ടില്ല, പക്ഷേ,ഇടപെടും

തന്റെ ഗൺമാൻ പ്രതിഷേധക്കാരെ ആക്രമിച്ചുവെന്ന് പറയുന്ന സംഭവം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആക്രമിക്കാൻ വന്നവരെ യൂണിഫോമിട്ട പൊലീസുകാർ തള്ളിമാറ്റുന്നതാണ് ഞാൻ കണ്ടത്. ഞങ്ങൾ സഞ്ചരിക്കുന്ന ബസിന് നേരെയുള്ള ആക്രമണവും തന്റെ നേർക്കുള്ള ആക്രമണമാണ്. അതിനാലാണ് ബസിന്റെ മുന്നിലും പിന്നിലും ഗൺമാൻമാരുള്ളത്. ബസ് ആക്രമിക്കാൻ വന്നാൽ സ്വാഭാവികമായും ഗൺമാന്മാരും ഇടപെടും. ഗൺമാൻ ആക്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ദൃശ്യമാദ്ധ്യമങ്ങളിൽ വന്നതടക്കം ഞാൻ കണ്ടിട്ടില്ല. ആരോപണത്തിൽ പരിശോധന നടത്തേണ്ട ആവശ്യവുമില്ല. തുടർചോദ്യങ്ങൾ ഉയർന്നപ്പോൾ,

ആ ചോദ്യം കോടതിയിൽ ചോദിച്ചാൽ മതി, താങ്കൾ പത്രസമ്മേളനത്തിലെ ചോദ്യം ചോദിച്ചാൽ മതി എന്ന് ക്ഷുഭിതനായി പ്രതികരിച്ചു.