വിജ്ഞാനത്തിൽ അധിഷ്ഠിതമായ സമ്പത്ത്ഘടനയും അറിവിനെ അധിഷ്ഠിതമാക്കിയ വ്യവസായങ്ങളും ചേർന്ന വൈജ്ഞാനിക സമൂഹമാണ് നവകേരളമെന്നും അറിവാണ് കേരളത്തിന്റെ കരുത്തെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. പത്തനാപുരം മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെവിടെയും മലയാളിയുണ്ടെന്ന് പറയുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ കരുത്താണ്. നവകേരളം ഉന്നത വിദ്യാഭ്യാസത്തോടൊപ്പം കൂടുതൽ ശ്രദ്ധനൽകുന്നത് വ്യവസായത്തിനാണ്. ആറ് മാസത്തിനുള്ളിൽ കേരളത്തിൽ 14 വ്യവസായ പാർക്കുകൾക്ക് അംഗീകാരം നൽകി. ഒരു വർഷം ഒരു ലക്ഷം സംരംഭകരെന്ന ലക്ഷ്യം അതിന് മുന്നേ യാഥാർത്ഥ്യമാകുന്നു. നേട്ടങ്ങൾ ഉണ്ടാക്കുമ്പോഴും കേരളത്തെ ശ്വാസം മുട്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവകേരളമെന്നാൽ ദരിദ്രർ
ഇല്ലാത്ത കേരളം: പി.പ്രസാദ്
നവകേരളമെന്നാൽ ദരിദ്രർ ഇല്ലാത്ത, ഭവനരഹിതരില്ലാത്ത കേരളമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ ആദ്യം അധികാരത്തിൽ എത്തിയപ്പോഴുള്ള ആദ്യ അജണ്ട, അതി ദരിദ്ര അവസ്ഥയിൽ ഉള്ളവരെ മോചിതരാക്കുക എന്നതായിരുന്നു. 2025 നവംബർ ഒന്നാകുമ്പോഴേക്കും ഒരാൾ പോലും അതി ദാരിദ്ര്യത്തിന്റെ പട്ടികയിൽ ഉണ്ടാകില്ലെന്നതിനാണ് പ്രഥമ പരിഗണന കൊടുക്കുന്നത്. 47.8 ശതമാനം കുടുംബങ്ങളെ ഇതുവരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. ഇതാണ് കേരളത്തിന്റെ വികസന മാതൃക. യു.ഡി.എഫ് എന്തിനാണ് എതിർക്കുന്നതെന്ന് അറിയില്ല. ഒരു ജനതയ്ക്ക് സ്വന്തം ഭരണകൂടത്തെ മനസിലാക്കുന്നതിനും നേരിട്ട് അറിയുന്നതിനും വേണ്ടി ഒരു മന്ത്രിസഭ നാടിന്റെ നാനാഭാഗത്തേക്കും എത്തുന്ന നവകേരള സദസ് ഇന്ത്യക്കും ലോകത്തിനും ആകെ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.